സ്ക്വാഡുകള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം
വൈറസ് വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിവിധ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിലെ നാല് താലൂക്കുകളിലും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി.
ജില്ലയിലെ ഓരോ താലൂക്ക് ഓഫീസുകളിലും തഹസില്‍ദാര്‍, ഭൂരേഖാ ത ഹസില്‍ദാര്‍, രണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍മാര്‍ / ജെ എസ് എന്നിവരുടെ നേതൃത്വത്തില്‍ നാല് സെക്ടറല്‍ ടീമുകളെ ഇതിനായി രൂപീകരിച്ചു. ഡപ്യൂട്ടി തഹസില്‍ദാര്‍മാര്‍ / ജെ എസ് എന്നിവരെ തഹസില്‍ദാര്‍ നിയോഗിക്കും. ഇവരുടെ സുരക്ഷയ്ക്കായി ഓരോ സ്ക്വാഡിലേക്കും ഓരോ പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവികള്‍ നിയോഗിക്കണം. ജില്ലയിലെ നോഡല്‍ ഓഫീസര്‍മാരും താലൂക്ക് ഉദ്യോഗസ്ഥരും പ്രത്യേക സ്ക്വാഡുകളായി പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ നോഡല്‍ ഓഫീസര്‍മാരുടെ സ്ക്വാഡുകളിലേക്കും പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവി നിയോഗിക്കണം.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥര്‍ക്കും അവരുടെ സ്്ക്വാഡുകള്ക്കും ആയിരിക്കും. തെറ്റായ സത്യവാങ്മൂലം നല്കി യാത്രാ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതും പാസുകള്‍ ദുരുപയോഗം ചെയ്യുന്നതും തടയേണ്ടതും വിവരം പോലീസിലറിയിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടതും സ്ക്വാഡുകളുടെ ചുമതലയാണ്. പൊതു സ്ഥലങ്ങളില്‍ ഇവര്‍ കൂട്ടം കൂടുന്നത് തടയണം.
- Log in to post comments