കോവിഡ് 19: ഭിന്നശേഷിക്കാർക്ക് കൗൺസിലിങ്ങുമായി എൻഐപിഎംആർ
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും ഉണ്ടാകുന്ന മാനസിക സംഘർഷം ഇല്ലാതാക്കുന്നതിന് കൗൺസിലിങ്ങുമായി കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ സെന്റർ. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ ഉണ്ടാകുന്ന മാനസികമായ പ്രശ്നങ്ങൾക്ക് പരിഹാരവുമായിട്ടാണ് കൗൺസിലിംഗ് തുടങ്ങിയിരിക്കുന്നത്. സഹായം ആവശ്യമുള്ളവർക്ക് രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ ടെലിഫോണിലൂടെ കൗൺസിലിംഗ് ലഭിക്കും. ഇതിനായി 9725552030, 9656909892, 918891451214, 9946342597, 919061515053 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അഞ്ചു പേരടങ്ങുന്ന സൈക്കോളജിസ്റ്റുകളുടെ സംഘമാണ് കൗൺസിലിംഗ് നൽകുന്നത്. ഇതിൽ രണ്ടു പേർ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണ്. കൗൺസിലിങ് തുടങ്ങിയത് മുതൽ ഇത്
വരെ 300 കേസുകൾ റിപ്പോർട്ട് ചെയ്തതായി എൻ ഐ പി എം ആർ ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപേർ ഫോണിലൂടെയുള്ള കൗൺസിലിങിന്റെ സേവനം പ്രയോജനപ്പെടുത്തി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് എൻ ഐ പി എം ആർ.
- Log in to post comments