ലിഫ്റ്റിന്റെ പ്രവർത്തനം കളക്ട്രേറ്റിനെ ഭിന്നശേഷി സൗഹൃദമാക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
കോട്ടയം സിവിൽ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച ലിഫ്റ്റിന്റെ പ്രവർത്തനം കളക്ട്രേറ്റിനെ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ലിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ ചരിത്രമുള്ള സർക്കാർ കാര്യാലയമാണ് കോട്ടയം കളക്ട്രേറ്റ്. ഈ കെട്ടിട സമുച്ചയം നിർമ്മിച്ച അവസരത്തിൽ എല്ലാ സർക്കാർ കാര്യാലയങ്ങളെയും ഒറ്റക്കുടക്കീഴിൽ കൊണ്ടുവരാൻ പര്യാപ്തമായിരുന്നു. എന്നാൽ ഇന്ന് ഈ കെട്ടിടത്തിൽ ഓഫീസുകൾ ശ്വാസം മുട്ടുകയാണ്. കളക്ട്രേറ്റിന്റെ ആധുനികവത്കരണമാണ് ഇനി ആവശ്യം- എംഎൽഎ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി സ്വാഗതമാശംസിച്ചു. വാർഡ് കൗൺസിലർ റ്റി.എൻ ഹരികുമാർ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എഞ്ചിനീയർ ഷീന രാജൻ, ഡെപ്യൂട്ടി എക്സി. എഞ്ചിനീയർ സ്മിത എസ് നായർ എന്നിവർ സംസാരിച്ചു.
കറന്റ് പോയാലും അടുത്ത നിലയിലേയ്ക്ക് തനിയെ എത്തുന്ന വിധത്തിലുള്ള ഓട്ടോമാറ്റിക് റെസ്ക്യൂ ഡിവൈസ് ആന്റ് ഫ്ളോർ അനൗൺസ്മെന്റ് സംവിധാനം ലിഫ്റ്റിനുണ്ട്. 60.83 ലക്ഷമാണ് നിർമ്മാണച്ചെലവ്. 13 പേർക്ക് സഞ്ചരിക്കാം. മൂന്നു വർഷത്തെ വാർഷിക അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള ഗ്യാരണ്ടിയുള്ളതാണ് ഇതിന്റെ സർവീസ്.
(കെ.ഐ.ഒ.പി.ആർ-345/18)
- Log in to post comments