ഗദ്ദിക: ആവിക്കുളിക്ക് ആവശ്യക്കാര്‍ ഏറെ
പൊന്നാനി എ.വി ഹയര്‍സെക്കന്റി സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന ഗദ്ദിക ഗോത്ര മേളയില്‍ കഷായ ആവിക്കുളിക്ക് ആവശ്യക്കാര്‍ ഏറി വരുന്നു. ത്വക്ക് രോഗങ്ങള്‍, ശ്വാസ തടസ്സം, വാതം, തുമ്മല്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ കൂടിയാണ് ഈ ആവിക്കുളി. 60ല്‍ അധികം ആയുര്‍വേദ ഔഷധങ്ങള്‍ ചേര്‍ത്താണ് ആവിക്കുളി. ഇതിനായി പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ആവിക്കുളി. തിരുവനന്തപുരം ജില്ലയിലെ കാണിക്കാര്‍ ആദിവാസി വിഭാഗം തലമുറകളായി നടത്തുന്ന ചികിത്സാ രീതിയാണിത്. വയനാട്, ഇടുക്കി ജില്ലകളിലും ഇതിന് പ്രചാരമുണ്ട്. രാവിലെ 10 മുതല്‍ 12 വരെയും വൈകീട്ട് മൂന്ന് മുതല്‍ ഏഴ് വരെയുമാണ് ആവിക്കുളിക്കുള്ള സമയം. ഒരാള്‍ക്ക് പരമാവധി 20 മിനുട്ട് സമയമെടുക്കും. ശരീരത്തിന് ഉ•േഷം നല്‍കാന്‍ ആവിക്കുളിക്ക് കഴിയും.
പരമ്പരാഗത വീട്:
ഇടുക്കി ജില്ലയിലെ മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ പ്രദേശങ്ങളിലെ മുതുവാന്‍ ഗോത്ര ജനതയുടെ പരമ്പരാഗത വീടും ഏറുമാടവുമാണ് ഗദ്ദികയിലെ മറ്റൊരു ആകര്‍ഷണം. മുള, മരക്കമ്പുകള്‍, പുല്ല്, പശയുള്ള മണ്ണ് എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം വീടുകള്‍ ചൂടുകാലത്ത് തണുപ്പും തണുപ്പ് കാലത്ത് ചൂടും നല്‍കും. മുള, പുല്ല്, നെല്‍കതിരുകള്‍ എന്നിവ ഉപയോഗിച്ച് വളരെ ഉയരത്തില്‍ സ്ഥാപിച്ച ഏറുമാടം കയറാനും ആളുകള്‍ എത്തുന്നുണ്ട്.
ഗോത്ര ഭക്ഷ്യമേള:
രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഫാസ്റ്റ്ഫുഡ് ഭക്ഷണ രീതിയില്‍ നിന്ന് വിഭിന്നമായി ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണ രീതിയും ഭക്ഷ്യവിഭവങ്ങളും ഗോത്രമേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇരുളര്‍, കുറുമ്പര്‍, പണിയര്‍, മലയന്‍ എന്നീ ഗോത്ര വിഭാഗങ്ങളുടെ ഭക്ഷ്യ വിഭവങ്ങള്‍, മരുന്ന് കാപ്പി, രാഗി വട, രാഗി ബജി, മുളയരി പായസം, ചാമയരി പായസം, ചോള പഴംപൊരി, രാഗി പഴംപൊരി, ഗന്ധകശാല, ജീരകശാല അരികൊണ്ടുള്ള ദോഷ, തേന്‍ നെല്ലിക്ക, കാട്ടുതേന്‍, ചെറുതേന്‍ തുടങ്ങിയ വനവിഭവങ്ങളും മേളയില്‍ ഉണ്ട്.
ഗദ്ദികയില്‍ ഇന്ന്:
കാസര്‍ഗോഡ് കലാകേന്ദ്രത്തിന്റെ മംഗലം കളി, നിലമ്പൂര്‍ ഗോത്രമൊഴി കലാസമിതിയുടെ നാടന്‍ പാട്ടുകള്‍, പാലക്കാട് പുളികൂര്‍ കൊറഗ കോളനിക്കാരുടെ കൊറഗ നൃത്തം. വയനാട് ഗോത്ര വിഭാഗത്തിന്റെ വട്ടകളി, കോല്‍കളി എന്നിവ ഇന്ന് (ഫെബ്രുവരി 17) വൈകീട്ട് 6.30 മുതല്‍ അരങ്ങേറും. മലവേട്ടുവര്‍ വിവാഹ സമയത്ത് നടത്തിയിരുന്ന കലാരൂപമാണ് മംഗലം കളി. പണത്തുടി, കന്നത്തുടി എന്നിവയാണ് വാദ്യോപകരണങ്ങള്‍. പരമ്പരാഗത ഗോത്രവേഷമാണ് ധരിക്കുക. കൈനിറയെ വളയങ്ങളും മാറില്‍ നിറയെ കല്ലുമാലകളും വിരലില്‍ മോതിരങ്ങളും ധരിച്ചാണ് നൃത്തം.
വള്ളുവനാടന്‍ പാട്ടുകള്‍, പാണന്‍പാട്ടുകള്‍ എന്നിവയാണ് നാടന്‍പാട്ടില്‍ ഇന്ന് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
- Log in to post comments