Skip to main content

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പുതിയ രോഗികളില്ല

 

45 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍; ജില്ലയിലിപ്പോള്‍ ആകെ നിരീക്ഷണത്തിലുള്ളത് 1,526 പേര്‍

 

മലപ്പുറം ജില്ലയില്‍ പുതുതായി ആര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ജില്ല ഇപ്പോള്‍ ഓറഞ്ച് സോണില്‍ തുടരുകയാണ്. നിലവില്‍ രോഗബാധിതരില്ലെങ്കിലും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. ഇതര സംസ്ഥാനങ്ങളിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് നിരവധി മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും വരും ദിവസങ്ങളില്‍ ജില്ലയിലെത്തും. ഈ സാഹചര്യത്തില്‍ ചെറിയ അശ്രദ്ധപോലും രോഗ വ്യാപനത്തിന് കാരണമാവും. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.

 

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 1,526 പേര്‍

 

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (മെയ് അഞ്ച്) മുതല്‍ 45 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,526 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 28 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 26, നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ വീതവുമാണ് ഐസൊലേഷനിലുള്ളത്. 1,439 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 59 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

 

പുതിയ കോവിഡ് ബാധിതരില്ല

 

ജില്ലയില്‍ കോവിഡ് 19 ബാധിതരായി നിലവില്‍ ആരും ചികിത്സയിലില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.  ഇതുവരെ 22 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ കഴിയുന്നു. 18 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.

 

87 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ല

 

ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 87 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 2,198 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 67 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

 

ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു

 

• നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 ദ്രുത കര്‍മ്മ സംഘങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്നു.
• ദ്രുത കര്‍മ്മ സംഘങ്ങള്‍ ഇന്നലെ സന്ദര്‍ശിച്ച പ്രത്യേക നിരീക്ഷണത്തിലുള്ളവര്‍ കഴിയുന്ന വീടുകള്‍ - 1,329
• ഇന്നലെ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ - 204
• മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് - എട്ട്
• കൗണ്‍സലിങ് നല്‍കിയത് - ഒന്ന്
• നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി പാലിയേറ്റീവ് നഴ്സുമാര്‍ ഇന്നലെ കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര്‍ - 107
• നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്ടാക്ട് ട്രെയ്‌സിംഗ് വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് വിവിരങ്ങള്‍ ശേഖരിച്ചുവരുന്നു.

ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, കോവിഡ് ജില്ലാ സര്‍വാലന്‍സ് ഓഫീസര്‍ ഡോ. കെ. നന്ദകുമാര്‍, ലെയ്സണ്‍ ഓഫീസര്‍ ഡോ. ഷാഹുല്‍ഹമീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തു.
 

date