എല്ലാ വീടുകളിലും മാസ്‌ക് എത്തിച്ച് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്
കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും മാസ്‌കുകള്‍ എത്തിച്ചു നല്കി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുകയാണ് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്. ആദ്യഘട്ടത്തില്‍ 14000 മാസ്‌കുകളാണ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ ഓരോന്നിലും ആയിരം മാസ്‌കുകള്‍ വീതം എത്തിച്ച് അതത് വാര്‍ഡുമെമ്പര്‍മാരുടെയും വോളണ്ടിയേഴ്‌സിന്റെയും നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ചു നല്കി. രണ്ടാം ഘട്ടത്തില്‍ ഓരോ കുടുംബത്തിലെയും എല്ലാ അംഗങ്ങള്‍ക്കും മാസ്‌ക് ലഭ്യമാക്കുന്ന നടപടികളും ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് പറഞ്ഞു. കുടുംബശ്രീ സി ഡി എസിനാണ് മാസ്‌ക് നിര്‍മ്മാണത്തിന്റെ ചുമതല. കുടുംബശ്രീ അംഗങ്ങള്‍ നിര്‍മിച്ചു നല്കുന്ന മാസ്‌ക് ഒന്നിന് അഞ്ച് രൂപ വച്ച് പഞ്ചായത്ത് കുടുംബശ്രീക്ക് നല്കും. ലോക്ക് ഡൗണ്‍ സമയത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇതൊരു വലിയ സഹായവുമാണ്. ആവശ്യമായ മെറ്റീരിയലിന്റെയും ഇലാസ്റ്റിക്കിന്റെയും ലഭ്യതക്കുറവ് വന്നതിനാലാണ് ആദ്യഘട്ടത്തില്‍ എല്ലാ വീട്ടിലെയും എല്ലാ അംഗങ്ങള്‍ക്കും മാസ്‌ക് നല്കാന്‍ തികയാതെ വന്നത്. ഇപ്പോള്‍ ആവശ്യമായ മെറ്റീരിയല്‍സ് എത്തിച്ച് മാസ്‌ക് നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്നുവരുന്നു. പൂര്‍ത്തിയായവ അപ്പോള്‍ തന്നെ വിതരണവും ചെയ്തു വരുന്നതായി വൈസ് പ്രസിഡന്റ് ലാലച്ചന്‍ വെള്ളക്കട അറിയിച്ചു. വിദേശത്തു നിന്നും എത്തിയ ഒരാളില്‍ കോവിഡ് രോഗബാധ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് ഹോട്ട് സ്‌പോട്ടിലുള്‍പ്പെട്ട പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടര്‍ന്നു വരുന്നു. ഈ വാര്‍ഡുകളിലെ വീടുകളിലേക്ക് അവശ്യസാധനങ്ങള്‍ വേണ്ടവര്‍ക്ക് ഗ്രാമപഞ്ചായത്തിന്റെയും വ്യാപാരികളുടെയും നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ചു നല്കുന്നുണ്ട്. കോവിഡ് രോഗവിമുക്തനായ വ്യക്തി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി നിരീക്ഷണത്തിലാണ്. രണ്ടാംഘട്ട മാസ്‌ക് വിതരണം പൂര്‍ത്തിയാകുന്നതോടെ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും എല്ലാവര്‍ക്കും മാസ്‌ക് എന്ന ലക്ഷ്യം ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് കൈവരിക്കും.
- Log in to post comments