കുമളി അതിര്‍ത്തി വഴി ഇന്നലെ (5/5/20) എത്തിയത് 145 പേര്‍
കുമളി അതിര്‍ത്തി കവാടത്തിലൂടെ ഇന്നലെ വൈകിട്ട് അഞ്ചു മണി വരെ എത്തി സ്വന്തം നാടണഞ്ഞത്
നവജാത ശിശു ഉള്‍പ്പെടെ 145 പേര്‍.
ഇതില്‍ 95 പേര്‍ ഇടുക്കി ജില്ലക്കാരാണ്. നെടുങ്കണ്ടം സ്വദേശികളാണ് നവജാത ശിശുവും മാതാപിതാക്കളും. 51 പേര്‍ മറ്റു ജില്ലകളിലേയ്ക്കുള്ളവരാണ്. ആദ്യ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് ആദ്യ ആള്‍ എത്തിയതെങ്കില്‍ ഇന്നലെ (5) രാവിലെ എട്ടു മണിക്ക് തന്നെ അതിര്‍ത്തി കടന്ന് ആദ്യ വ്യക്തി എത്തി. കുടുംബസമേതമെത്തിയവരാണ് കൂടുതലും. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് മിക്കവരും തന്നെ എത്തിയത്. ഒരാള്‍ തെലുങ്കാനയില്‍ നിന്നുമാണ് എത്തിയത്.
രാവിലെ 8 മുതല്‍ വൈകിട്ട് 8 മണി വരെയാണ് ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്
കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടില്‍ തിരിച്ചെത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ പാസ് സംവിധാനത്തിലൂടെയാണ് ഇവര്‍ക്ക് സ്വദേശത്തേക്ക് എത്തിച്ചേരാനായത്.
ആദ്യ ദിനത്തില്‍ കുമളി വഴി 21 പേരാണ് എത്തിയത്.
കടന്നുവരുന്നവരെ ആദ്യം ആരോഗ്യവകുപ്പിന്റെ സ്റ്റാളില്‍ പരിശോധിച്ച ശേഷം തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്റ്റാളിലേക്കു വിടും. ക്വാറന്റൈയിന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ പരിശോധിച്ച് അറിയിക്കും. റവന്യൂ,പോലീസ് വിഭാഗങ്ങളാണ് പാസ് പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തുന്നത്. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമുള്ളവരെ കര്‍ശനമായ വ്യവസ്ഥകളോടെ പോകാന്‍ അനുവദിച്ചു. ക്വാറന്റൈന്‍ സൗകര്യം തീരെയില്ലാത്തവരെ അതത് ഇടങ്ങളിലെ കൊവിഡ് കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. വരുന്ന എല്ലാവര്‍ക്കും കുടിവെള്ളം, ടോയ്ലെറ്റ്, വിശ്രമം, നിസ്‌കാരം തുടങ്ങിയവയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് അനുമതി ലഭിച്ചു വരുന്ന മുറയ്ക്ക് കടന്നുവരുന്ന എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വരുംദിനങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് കുമളിയില്‍ സജജീകരണങ്ങള്‍ നടത്തിവരുന്നത്. ഡെപ്യൂട്ടി ഡി എം ഒ ഡോ. സുഷമ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വി. കുര്യാക്കോസ്, കട്ടപ്പന ഡിവൈ എസ്പി എന്‍. സി. രാജ്മോഹന്‍ തുടങ്ങിയവരും വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കിവരുന്നു.
- Log in to post comments