Skip to main content

മൊബൈല്‍ ഗെയിംസ്  വാങ്ങാന്‍ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്

മൊബൈല്‍ ഗെയിംസ് വാങ്ങാന്‍ സ്വരൂപിച്ച പണവുമായി അഹമ്മദ് ഹാരിസ് ബേബി എന്ന അഞ്ചാക്ലാസുകാരന്‍ നേരെ പോയത് വിദ്യാനഗര്‍ പോലീസ്  സ്റ്റേഷനിലേക്ക്. കൈയില്‍ ഒരു കുടുക്കയില്‍ പണവുമായി  നാല്  കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയെത്തിയ ബാലനെ കണ്ട് ആദ്യം പോലീസുകാരന്‍ അമ്പരന്നു.പിന്നീടാണ് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന്‍  വീട്ടുകാരോട് പോലും പറയാതെ താന്‍ സ്വരൂപിച്ച പണവുമായി ഇറങ്ങിതിരിച്ചതായിരുന്നു ഈ ബാലന്‍. ഇവന്റെ സത്യസന്ധത തിരിച്ചറിഞ്ഞ വിദ്യാനഗര്‍ പോലീസ്  സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അവനെയും കൂട്ടി കളക്ടറേറ്റില്‍ എത്തി,എഡിഎം എന്‍ ദേവീദാസിന് തുക കൈമാറി.കുടുക്കയിലെ  പണം എണ്ണി തിട്ടപ്പെടുത്തി നോക്കിയപ്പോള്‍ 2628 രൂപ. തന്റെ ആഗ്രഹങ്ങള്‍ മാറ്റിവെച്ച്,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തമേകാന്‍ തയ്യാറായ  അഹമ്മദ് ഹാരിസ് ബേബിയെ  എഡിഎം അഭിനന്ദിച്ചു.ചെര്‍ക്കള ബേര്‍ക്ക ഹൗസിലെ മുഹമ്മദ്  കുഞ്ഞി ബേബിയുടെയും ആസൂറയുടെയും മകനാണ് അഹമ്മദ് ഹാരിസ് ബേബി. 

date