വിസ്‌ക് മാതൃക പ്രതിരോധ വകുപ്പിലേക്കും
എറണാകുളം : കോവിഡ് പരിശോധന കൂടുതൽ ഫലപ്രദവും സൗകര്യ പ്രദവുമാക്കാൻ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വികസിപ്പിച്ച വാക് ഇൻ സിമ്പിൾ കിയോസ്ക് എന്ന വിസ്‌ക് പ്രതിരോധ വകുപ്പിലേക്കും. വിസ്‌കിന്റെ നവീകരിച്ച മാതൃകയാണ് ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ തയ്യാറാക്കിയിട്ടുള്ളത്. കളമശേരി മെഡിക്കൽ കോളേജ് നിർമിച്ച വിസ്‌കിന്റെ മാതൃക പരിഷ്കരിച്ചാണ് പുതിയ വിസ്‌കിന്റെ നിർമാണം. നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയിൽ പുതിയ വിസ്കിലെ മർദ്ദ ക്രമീകരണങ്ങളും വായു സഞ്ചാരവും ഉൾപ്പടെ പരിശോധിച്ച ശേഷമാണ് അനുമതി നൽകിയിട്ടുള്ളത്. നാവിക സേനയിൽ പ്രതിരോധം ഉറപ്പാക്കലാണ് പുതിയ വിസ്‌കിന്റെ ആദ്യ ദൗത്യം. കളമശ്ശേരി മെഡിക്കൽ കോളേജിലെ കളമശേരി മെഡിക്കൽ കോളേജിലെ ആർ. എം. ഒ ഡോ. ഗണേഷ് മോഹൻ, അഡിഷണൽ ജില്ല മെഡിക്കൽ ഓഫീസർ ഡോ. വിവേക് കുമാർ, ആർദ്രം ജില്ല അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, എ. ആർ. എം. ഒ ഡോ. മനോജ് എന്നിവരുടെ മേൽനോട്ടത്തിലാണ് പുതിയ വിസ്‌കും നിർമിച്ചിട്ടുള്ളത്.
ഹെലികോപ്റ്ററുകളിൽ ഘടിപ്പിക്കാവുന്ന വിസ്‌ക് 2.0 സായുധ സേനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ട് ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിശോധന സൗകര്യങ്ങൾ വളരെ പരിമിതമായ സ്ഥലങ്ങളിലും വിസ്‌കിന്റെ പുതിയ മാതൃക ഉപയോഗിക്കാൻ സാധിക്കും . അഴിച്ചെടുക്കാവുന്നതും മടക്കാവുന്നതുമായ പുതിയ വിസ്‌കിനെ ഹെലികോപ്റ്റർ വഴി ഐ
എൻ എസ് സഞ്ജീവനിയിൽ എത്തിച്ചു ആദ്യ പരീക്ഷണം നടത്തി.
കളമശ്ശേരി മെഡിക്കൽ കോളേജിൽ തദ്ദേശീയമായി വികസിപ്പിച്ച വിസ്‌ക് വിവിധ സംസ്ഥാനങ്ങളിൽ നിലവിൽ ഉപയോഗിക്കുന്നുണ്ട്. രണ്ട് മിനിറ്റിൽ താഴെ സമയം കൊണ്ട് സാമ്പിൾ ശേഖരണം സുരക്ഷിതമായി പൂർത്തിയാക്കാം എന്നതാണ് വിസ്‌കിന്റെ പ്രധാന സവിശേഷത.
- Log in to post comments