ലോക് ഡൗൺ: കൊടുങ്ങല്ലൂരിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഒരു കോടിയുടെ സ്വയംസംരംഭക വായ്പ
ലോക് ഡൗൺ മൂലം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂർ നഗരസഭയിലെ കുടുംബശ്രീയ്ക്ക് സ്വയംസംരംഭങ്ങൾ തുടങ്ങുന്നതിന് വായ്പ നൽകി. 1,20,30,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. നഗരസഭയിലെ ഒന്നാം നമ്പർ സി.ഡി.എസിലെ 21 അയൽക്കൂട്ടങ്ങളിലെ 320 അംഗങ്ങൾക്കാണ് ചുരുങ്ങിയ പലിശ നിരക്കിൽ വായ്പ നൽകിയത്. അയൽക്കൂട്ടങ്ങളിലെ വനിതകൾക്ക് ഒറ്റയ്ക്കോ കൂട്ടായോ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുവാനാണ് ഈ തുക വിനിയോഗിക്കേണ്ടത്. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ തൃശൂർ ജില്ലാ ഓഫീസാണ് വായ്പ അനുവദിച്ചത്.
ഇത് രണ്ടാം ഘട്ടമായാണ് കോർപ്പറേഷൻ കൊടുങ്ങല്ലൂർ നഗരസഭയിലേക്ക് 2.5 ശതമാനം പലിശയക്ക് വായ്പ നൽകുന്നത്. നേരത്തെ രണ്ടരക്കോടി രൂപ ഒന്നാം ഘട്ടത്തിൽ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, നഗരസഭയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് വായ്പ നൽകിയിരുന്നു. 36 മാസമാണ് തിരിച്ചടവ് കാലാവധി.
നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ വായ്പ വിതരണം ചെയ്തു. സി.ഡി.എസ്.ചെയർപേഴ്സൺ ശ്രീദേവി തിലകൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ജില്ലാ മാനേജർ പി എൻ വേണുഗോപാൽ, ശാലിനി ഉണ്ണികൃഷ്ണൻ, ആരിഫ ശങ്കരൻ കുട്ടി എന്നിവർ പങ്കെടുത്തു.
- Log in to post comments