Skip to main content

കോവിഡ് പ്രതിരോധത്തിന്റെ ലോകോത്തര മാതൃക

രാജ്യത്തെ ആദ്യ കോവിഡ്‌ബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണു കേരളം. ലോകത്തുതന്നെ ആദ്യം വൈറസ് എത്തിയ സ്ഥലങ്ങളിൽ ഒന്ന്. വുഹാനില്‍നിന്നു രോഗബാധയുമായി എത്തിയവരിൽ നാം അണുബധ അവരിൽ ഒതുക്കി. അവരെ ചികിത്സിച്ചു ഭേദമാക്കുകയും ചെയ്തു. രണ്ടാമതെത്തിയതു വ്യാപിച്ചെങ്കിലും അതും നാം നിയന്ത്രണത്തിലൊതുക്കി. ഇപ്പോൾ പുറത്തുനിന്നുള്ളവർ വരുന്ന ഘട്ടവും ജാഗ്രതയോടെ നാം നേരിടുന്നു. നിപ്പയെ പ്രതിരോധിക്കുന്നതിൽ നാം ആർജ്ജിച്ച മികവും അതിനായി നാം വികസിപ്പിച്ച പ്രവർത്തനശൈലിയും ഏകോപനവുമൊക്കെ നമുക്ക് ഇക്കാര്യത്തിൽ മുതൽക്കൂട്ടായി.

ഉയർന്ന ജനസാന്ദ്രത. പ്രവാസികളുടെ ബാഹുല്യം. ചിലർ കാട്ടിയ അവിവേകം. രോഗപരിശോധനയില്ലാതെ പുറത്തുനിന്നുള്ളവരെ കൊണ്ടുവന്നത്.... വെല്ലുവിളികൾ വലുതായിരുന്നു. എന്നിട്ടും ...

നാം സമൂഹവ്യാപനം തടഞ്ഞു. നേടിയത് ഏറ്റവും കുറഞ്ഞ മരണനിരക്ക്. ഏറ്റവും ഉയർന്ന രോഗമുക്തിനിരക്ക്

ഈ കേരളമാതൃക ലോകത്തെ നൂറോളം മുൻനിരമാദ്ധ്യമങ്ങളിൽ വലിയ വാർത്തയായി. ഗാർഡിയനിലടക്കം കവർ സ്റ്റോറിയായി.

 

കോവിഡ് 19 നിയന്ത്രണത്തിനു കേരളം ചെയ്തത്

രോഗബാധ കണ്ട നിമിഷം‌മുതല്‍ കേരളത്തിന്റെ സര്‍ക്കാര്‍സംവിധാനം മുഴുവൻ ഉണർന്നു. ജനുവരി രണ്ടാം വാരം‌തന്നെ നാം സജ്ജരായി. വുഹാനിൽനിന്നു വന്ന വിദ്യർത്ഥികളെ നാം സർവ്വസന്നാഹത്തോടെയുമാണു സ്വീകരിച്ചത്. പിന്നെ  അതിജാഗ്രതയുടെ ദിനങ്ങൾ...

നാം ആവിഷ്ക്കരിച്ചതു ത്രിതലതന്ത്രം: സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം തുറന്നു * സംസ്ഥാനതലത്തിലും ജില്ലാതലത്തിലും 24 മണിക്കൂർ കണ്‍ട്രോള്‍ റൂമുകള്‍ * ഓരോദിവസത്തെയും സ്ഥിതിഗതികളും ആഗോളമായ പുതിയ വിവരങ്ങളും അവലോകനം ചെയ്തു ശാസ്ത്രീയമായ നടപടിക്രമം ആവിഷ്ക്കരിച്ചു * ലോകമാകെയുള്ള വിദഗ്ദ്ധരുടെ ഉപദേശം തേടി * അവയുടെകൂടി അടിസ്ഥാനത്തിൽ പ്രവർത്തനപദ്ധതി അനുദിനം മെച്ചപ്പെടുത്തി * ആരോഗ്യവകുപ്പിനും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൃത്യമായ മാർഗ്ഗനിര്‍ദേശങ്ങള്‍ നല്കി

* അണുബാധ കണ്ടവരുടെ സമ്പർക്കങ്ങൾ നിഷ്ക്കർഷയോടെ കണ്ടെത്തി * രോഗസാദ്ധ്യതയുള്ളവരെയെല്ലാം കർശനനിരീക്ഷണത്തിലാക്കി * അണുബാധ സംശയിക്കുന്ന എല്ലാവരെയും പരിശോധിച്ചു * മറ്റു രോഗങ്ങളാൽ മരിച്ചവരുടെപോലും സ്രവം പരിശോധിച്ചു കോവിഡ്‌ബാധ ഉണ്ടായിരുന്നില്ലെന്ന് ഉറപ്പുവരുത്തി * അണുബാധ സംശയിക്കുന്നവരെ പരിശോധിച്ചത് ആംബുലസ് അയച്ച് ആശുപത്രിയിൽ എത്തിച്ചു സ്രവം എടുത്ത്; ഉടൻ അതേ ആംബുലൻസിൽ തിരികെ അയയ്ക്കും; അനന്തരം ആംബുലൻസ് അണുമുക്തമാക്കും *

ബ്രേക് ദ് ചെയിൻ വിപുലമായ ബോധവത്ക്കരണത്തിലൂടെയും അഭൂതപൂർവ്വമായ ജനപങ്കാളിത്തത്തോടെയും വിജയിപ്പിച്ചു * മാസ്ക് ഓരോ ആൾക്കും ഉറപ്പാക്കി * സ്വകാര്യസ്ഥാപനങ്ങളിലടക്കം ആളുകൾ എത്തുന്ന എല്ലാ സ്ഥാപനത്തിലും സാനിറ്റൈസറും സോപ്പുകൊണ്ടു കൈകഴുകാനുള്ള സംവിധാനവും സജ്ജീകരിച്ചു * അണുബാധ ഒഴിവാക്കാൻ വ്യാപകമായി അണുനശീകരണം നടത്തി * നല്ല ആരോഗ്യശീലം വളർത്തി * എല്ലാവരുടെയും സഹകരണം ഉറപ്പാക്കി

എല്ലാ ജില്ലയിലും രണ്ടുവീതമെങ്കിലും പ്രധാന ആശുപത്രികൾ കോവിഡ് ആശുപത്രികളാക്കി * കാസർകോട് മെഡിക്കൽ കോളെജ് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമാക്കി * സ്വകാര്യാശുപത്രികൾ ഏറ്റെടുത്തു സൗകര്യമൊരുക്കി * ചികിത്സയ്ക്കായി വേണ്ടത്ര വെന്റിലേറ്ററുകൾ ലഭ്യമാക്കി * വെന്റിലേറ്ററും ഗ്ലൗസും മാസ്കും സാനിറ്റൈസറും പരിശോധനക്കിറ്റുമൊക്കെ സംസ്ഥാനത്ത് അടിയന്തരമായി ഉത്പാദിപ്പിച്ചു * നിരീക്ഷണത്തിലും ചികിത്സയിലും ഉള്ളവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ സജ്ജീകരിച്ചു

പ്രായാധിക്യമുള്ളവരുടെയും കോവിഡ്‌ബാധ അപകടമായേക്കാവുന്ന മറ്റു രോഗങ്ങൾ ഉള്ളവരുടെയും കുഞ്ഞുങ്ങളുടെയും കൂടിയവരുടെയും സംരക്ഷണത്തിനു പ്രത്യേകശ്രദ്ധ * അങ്ങനെയുള്ളവരുടെയും രോഗബാധയ്ക്കു സാദ്ധ്യതയുള്ളവരുടെയും വിവരങ്ങൾ ശേഖരിച്ചു ശാസ്ത്രീയമായി വിശകലനം ചെയ്തു പ്രതിരോധപ്രവർത്തനം ആസൂത്രണം ചെയ്തു * മാനസികാരോഗ്യകാര്യത്തിലും ശ്രദ്ധിച്ചു; വിദേശങ്ങളിലെ കേരളീയർക്കടക്കം വിപുലമായ കൗൺസെലിങ് സൗകര്യം ഒരുക്കി

ലോക്‌ഡൗൺ നിബന്ധനകൾ കർക്കശമായി നടപ്പാക്കി സമൂഹവ്യാപനത്തിലേക്കു വീഴാതെ കാത്തു * വിവിധ സർക്കാർവകുപ്പുകളെ ഏകോപിപ്പിച്ചു * സമൂഹവ്യാപനം ഉണ്ടായാൽ നേരിടാൻ രണ്ടരലക്ഷം മുറികൾ ശുചിമുറിസൗകര്യത്തോടെ തയ്യാറാക്കി * വീട്ടിലെ നിരീക്ഷണപ്പാർപ്പ് ഓരോ പൗരരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്ത്വമാണെന്ന ബോധം സൃഷ്ടിച്ചു; അവർക്കു സഹായവും ശ്രദ്ധയും നല്കാൻ വാർഡുതലത്തിൽ സമിതികൾ * സന്നദ്ധപ്രവർത്തകരുടെ മുന്നേറ്റം സൃഷ്ടിച്ചു * എല്ലാവർക്കും ആത്മവിശ്വാസവും ധൈര്യവും മാർഗ്ഗനിർദ്ദേശവും പകർന്നു മുഖ്യമന്ത്രി ദിവസേന ജനങ്ങളോടു സംസാരിച്ചു.

[കേരളത്തിലെ കോവിഡ് നിയന്ത്രണത്തിന്റെ പ്രതിദിനവിവരങ്ങൾ: https://dashboard.kerala.gov.in/]