രാജ്യത്തെ മികച്ച ആരോഗ്യസ്ഥാപനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനവുമായി ചോക്കാട് കുടുംബാരോഗ്യകേന്ദ്രം
രാജ്യത്തെ മികച്ച ആരോഗ്യസ്ഥാപനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനവുമായി ചോക്കാട് കുടുംബാരോഗ്യകേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പരിശോധനയില്‍ ചോക്കാട് കുടുംബാരോഗ്യകേന്ദ്രം 98 ശതമാനം മാര്‍ക്ക് നേടി രണ്ടാംസ്ഥാനത്തെത്തി. 2019 ഫ്രെബ്രുവരി 28, 29 തീയതികളില്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ രണ്ടംഗ സംഘം ആശുപത്രിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച നിലവാരത്തിലുള്ള ചികിത്സ നല്‍കിയാണ് ചോക്കാട് കുടുംബാരോഗ്യ കേന്ദ്രം ശ്രദ്ധനേടിയിരിക്കുന്നത്. ഈ പ്രദേശത്തെ ആദിവാസി ജനതയ്ക്കും മികച്ച ചികിത്സ ഇവിടെ നിന്ന് ലഭ്യമാകുന്നുണ്ട്. ജൂണ്‍ 2019 മുതല്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ചോക്കാട് കുടുംബാരോഗ്യകേന്ദ്രത്തിനെ ദേശീയ അംഗീകാരത്തിലേക്കെത്തിച്ചത്. ഒ.പി. വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിര്‍വഹണം തുടങ്ങിയ വിഭാഗങ്ങളുടെ മികച്ച പ്രവര്‍ത്തനവും അംഗീകാരത്തിന് കാരണമായി.
സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് നാഷണല്‍ ക്വാളിറ്റി അക്രഡിറ്റേഷന് സ്റ്റാന്‍ഡേര്‍ഡ്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിര്‍ണ്ണയങ്ങളിലൂടെയാണ് ആശുപത്രികളെ എന്‍.ക്യു.എ.എസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഗുണനിലവാരം നിലനിര്‍ത്തുന്നതിന് മൂന്ന് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന ജില്ലയിലെ അഞ്ചാമത്തെ ആരോഗ്യകേന്ദ്രമാണ് ചോക്കാട് കുടുംബാരോഗ്യകേന്ദ്രം. എഫ്.എച്ച്.സി. തിരുന്നാവായ പി.എച്ച്.സി. ചാലിയാര്‍, അമരമ്പലം കുടുംബാരോഗ്യകേന്ദ്രം, കോട്ടക്കല്‍ കുടുംബാരോഗ്യകേന്ദ്രം എന്നിവ എന്‍.ക്യു.എ.എസ് ലഭിച്ച മറ്റു സ്ഥാപനങ്ങളാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാനും എന്‍.എച്ച്.എമ്മിന്റെയും പഞ്ചായത്തിന്റെയും ഫണ്ടുകള്‍ വിനിയോഗിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബുലാല്‍ , പഞ്ചായത്ത് പ്രസിഡന്റ് ടി. നസീമ, മെഡിക്കല്‍ ഓഫീസര്‍ ഡോ. മുനീര്‍, ചോക്കാട് കുടുംബാരോഗ്യകേന്ദ്രം ക്വാളിറ്റി നോഡല്‍ ഓഫീസര്‍ ഡോ.ഷഹസാദ്, ജില്ലാ ക്വാളിറ്റി ഓഫീസര്‍ സി.പി ഭദ്ര, ക്വാളിറ്റി ഓഫീസര്‍ എം.ടി വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള ആശുപത്രി ജീവനക്കാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഈ ആശുപത്രിക്ക് ദേശീയ അംഗീകാരം നേടിയെടുക്കാന്‍ സഹായകമായത്.
- Log in to post comments