Skip to main content

പരിസ്ഥിതി ദിനാചരണം: പൊന്നാനി മണ്ഡലതല ഉദ്ഘാടനം  സ്പീക്കര്‍ നിര്‍വഹിച്ചു

 

 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പൊന്നാനി മണ്ഡലതല ഉദ്ഘാടനം   പെരുമ്പടപ്പ്  ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ മരം വച്ചു പിടിപ്പിച്ച്  സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായി. ചടങ്ങില്‍ മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാടെങ്ങും വൃക്ഷത്തൈകള്‍ നടുമ്പോള്‍  3,000 വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുകയാണ് പൊന്നാനി നഗരസഭയും. വൃക്ഷ തൈകള്‍ നടലിന്റെ തുടക്കം പൊന്നാനി ഹാര്‍ബര്‍ പരിസരത്ത്  സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.  
നഗരസഭയുടെ നേതൃത്വത്തിലും വിവിധ സാമൂഹിക സന്നദ്ധ സംഘടനകള്‍ വഴിയുമാണ് തൈകള്‍ നട്ടത്. മാതളം, കൂവളം, പുളി, പേര, സീതപ്പഴം, നെല്ലി, പൂവ്വരശ്ശ്, മന്ദാരം തുടങ്ങിയ വൃക്ഷ തൈകളാണ് സോഷ്യല്‍ ഫോറസ്ട്രി നഗരസഭ  ഇറക്കിയിരുന്നത്.
പൊന്നാനി ഹാര്‍ബര്‍ പരിസരത്ത്  നടന്ന ചടങ്ങില്‍  നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഒ.ഒ ഷംസു, നഗരസഭാ സെക്രട്ടറി ആര്‍. പ്രദീപ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ശ്രീജിത്ത്, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

(എം.പി.എം 2086/2020)
 

date