നിലമ്പൂരിലെ പ്രളയദുരന്തമേഖലകള്‍ സന്ദര്‍ശിച്ച് ജില്ലാകലക്ടര്‍
പ്രളയത്തിലും ഉരുള്‍പൊട്ടലിലും കഴിഞ്ഞ വര്‍ഷം കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട നിലമ്പൂരിലെ മലയോരമേഖലകള്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. കാലവര്‍ഷം ശക്തിപ്പെടുന്നതിന് മുന്നോടിയായി നിലമ്പൂരില്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഒരുക്കുന്നതിനും പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനുമാണ് ജില്ലാകലക്ടര്‍ നിലമ്പൂരില്‍ സന്ദര്‍ശനം നടത്തിയത്. ജില്ലയില്‍ കലക്ടറായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യത്തെ നിലമ്പൂര്‍ സന്ദര്‍ശനമാണിത്. നിലമ്പൂരിലെ ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ പ്രദേശമായ മതില്‍മൂല, പോത്തുകല്ലിലെ കവളപ്പാറ, പാതാര്‍, മുണ്ടേരി ഫാം, പൂക്കോട്ടുമണ്ണ റഗുലേറ്റര്‍ ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജില്ലാകലക്ടര്‍ സന്ദര്‍ശനം നടത്തിയത്. പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിലും കലക്ടര്‍ സന്ദര്‍ശനം നടത്തി. മഴക്കെടുതി മൂലം വീടുകള്‍ വാസയോഗ്യമല്ലാതായവര്‍ക്ക് ഫെഡറല്‍ ബാങ്ക് ചെമ്പന്‍കൊല്ലിയില്‍ നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മാണവും ജില്ലാകലക്ടര്‍ വിലയിരുത്തി. കവളപ്പാറയുള്‍പ്പെടെ പ്രളയം ദുരിതം വിതച്ച പ്രദേശങ്ങളിലുള്ളവരുടെ പുനരധിവാസം വേഗത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണനയിലാണെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. പി.വി അന്‍വര്‍ എം.എല്‍.എ , പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, ഡപ്യൂട്ടി കലക്ടര്‍ (ഡി.എം) പി.എന്‍ പുരുഷോത്തമന്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും വിവിധ ഉദ്യോഗസ്ഥരും കലക്ടര്‍ക്കൊപ്പം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
(എം.പി.എം 2089/2020)
- Log in to post comments