Skip to main content

കോട്ടയം ജില്ലക്കാരായ രണ്ടു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

 

 

കോട്ടയം ജില്ലക്കാരായ രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.  മുംബൈയില്‍നിന്നും ഈ മാസം രണ്ടിന് എത്തിയ ഒളശ്ശ സ്വദേശിക്കും(24) ഈ മാസം നാലിന് ഡല്‍ഹിയില്‍നിന്നെത്തിയ അറുന്നൂറ്റി മംഗലം സ്വദേശിക്കു(34) മാണ് രോഗം ബാധിച്ചത് ഒളശ്ശ സ്വദേശിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായ സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഫലം വന്നതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

വിമാനമാര്‍ഗം കൊച്ചിയിലെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ വിമാനത്താവളത്തില്‍നിന്നുതന്നെ  ആശുപത്രിയിലേക്ക് മാറ്റി സാമ്പിള്‍ പരിശോധന നടത്തി. ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇയാള്‍ക്കൊപ്പം എത്തിയ മാതാവും ഭാര്യയും കുട്ടിയും കോട്ടയത്ത് ക്വാറന്‍റയിന്‍ സെന്‍ററിലാണ്. കോവിഡ് ലക്ഷണങ്ങളുള്ള ഇവരുടെയും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

 

ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 30 ആയി. ഇതില്‍ എറണാകുളത്ത് ചികിത്സയില്‍ കഴിയുന്നയാള്‍  ഒഴികെയുള്ളവരില്‍ 19 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പത്തു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്

date