കണ്ണൂര്‍ അറിയിപ്പുകള് 08-06-2020
ലൈഫ് മിഷന് മൂന്നാം ഘട്ടം; ജൂണ്‍ 15 വരെ സമയം
ലൈഫ് മിഷന് മൂന്നാംഘട്ട ഗുണഭോക്താക്കളുടെ അര്‍ഹതാപരിശോധന നടത്തി രേഖകള്‍ സോഫ്റ്റ്വെയറില് അപ്ഡേറ്റ് ചെയ്യാനുള്ള സമയം ജൂണ്‍ 15 വരെ നീട്ടി. നിലവില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരുടെ വിവരങ്ങള്‍ ജൂണ്‍ 15നകം അപ്ഡേറ്റ് ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് മിഷന് സിഇഒ അറിയിച്ചു.
പരിയാരം പഞ്ചായത്തില്‍
ജൂണ്‍ 30 വരെ ആരാധനലായങ്ങള്‍ തുറക്കില്ല
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തിലെ ആരാധനാലയങ്ങളുടെ നിലവില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സ്ഥിതി ജൂണ്‍ 30 വരെ തുടരാന്‍ തീരുമാനിച്ചു. പരിയാരം ഗ്രാമ പഞ്ചായത്തില്‍ പ്രസിഡണ്ട് എ രാജേഷ് വിളിച്ച് ചേര്‍ത്ത ആരാധനാലയ പ്രതിനിധികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
ഫാ. ജോ മാത്യു എസ് ജെ, കെ ബി സൈമണ്‍, അബൂബക്കര്‍ വായാട്, പി മുഹമ്മദ് അലി മൗലവി, കെ വി കൃഷ്ണന് തലോറ, മുഹമ്മദ് അസ്അദ് സഖാഫി, ജബ്ബാര്‍ ഒ മാവിച്ചേരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം മധുസൂദനന്, പഞ്ചായത്ത് സെക്രട്ടറി വി പി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്: അന്തിമ പട്ടിക 17ന് പ്രസിദ്ധീകരിക്കും
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക ജൂണ്‍ 17ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക സംബന്ധിച്ച് മാര്‍ച്ച് 16 വരെ ലഭിച്ചതില്‍ തീര്‍ക്കാന്‍ ബാക്കിയുള്ള അപേക്ഷകള്‍ കോലിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് ജൂണ്‍ 15നകം പൂര്‍ത്തിയാക്കാന്‍ കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. അപേക്ഷകള്‍ സംബന്ധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യമായി വരുന്ന പക്ഷം അവ ജൂണ്‍ 11ന് മുമ്പ് വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണെന്നും കമ്മീഷന് അറിയിച്ചു.
കോവിഡ് സമാശ്വാസ സഹായം: കൈപ്പറ്റാത്തവര്‍
ഉടന്‍ അപേക്ഷിക്കണം
ലോക്ക്ഡൗണിനെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി മുഖേന ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേത്രജീവനക്കാര്‍ക്കും ഫണ്ടിന്റെ അപര്യാപ്തത മൂലം ശമ്പളം കിട്ടാത്ത എ ഗ്രേഡ് ക്ഷേത്രജീവനക്കാര്‍ക്കും അനുവദിച്ചിട്ടുള്ള 2500 രൂപ ധനസഹായം കൈപ്പറ്റാത്ത ക്ഷേത്രജീവനക്കാര്‍ ഉടന്‍ ക്ഷേമനിധി സെക്രട്ടറി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, ഫോണ്‍ നമ്പര്‍ സഹിതം ബന്ധപ്പെട്ട ക്ഷേത്രഭരണാധികാരി മുഖേന secretarymtewf@gmail.com എന്ന ഇ മെയിലില്‍ ജൂണ്‍ 30 ന് മുമ്പായി അപേക്ഷിക്കണം.
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം
ലോക്ക്ഡൗണ്‍ കാരണം ജനുവരി മുതല്‍ മെയ് വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാത്തവര്‍ക്കും 2019 ഡിസംബര്‍ 20 ന് ശേഷം നിയമാനുസൃതം ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും ആഗസ്ത് 27 വരെ സമയപരിധി നീട്ടി.
ഡിസംബര്‍ 20 ന് ശേഷം രജിസ്ട്രേഷന്, സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവ ഓണ്‍ലൈനായി നടത്തിയ ഉദ്യോഗാര്‍ഥികള്‍ നേരിട്ടോ ദൂതന് മുഖേനയോ അസ്സല് സര്‍ട്ടിഫിക്കറ്റ് ആഗസ്ത് 27 ന് മുമ്പ് വെരിഫിക്കേഷനായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഹാജരാക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനും രജിസ്ട്രേഷന് പുതുക്കുന്നതിനുമായി www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മയ്യില്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 60 വയസില്‍ താഴെയുള്ള അവിവാഹിത/വിധവാ പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ വിവാഹം/പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസര്‍/വില്ലേജ് ഓഫീസറില്‍ കുറയാതെയുള്ള റവന്യൂ അധികാരികള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 20 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. ഡിസംബറില്‍ സാക്ഷ്യപത്രം ഹാജരാക്കിയവര്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. സാക്ഷ്യപത്രം സമര്‍പ്പിക്കാത്ത ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു മുതല്‍ പെന്ഷന് അനുവദിക്കുന്നതല്ലെന്നും അറിയിച്ചു.
താല്‍ക്കാലിക നിയമനം
ഐ എച്ച് ആര് ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, കൊമേഴ്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്സ്) അധ്യാപകരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
കമ്പ്യൂട്ടര്‍ സയന്‍സ് - 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (എം എസ് സി/എം സി എ/എം ടെക്). ഇലക്ട്രോണിക്സ് - 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (എം എസ് സി/എം ടെക്). മാത്തമാറ്റിക്സ്, കോമേഴ്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം - 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണ. ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്സ്) - 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ് (ഡിപ്ലോമ/ബി എസ് സി ഇലക്ട്രോണിക്സ്) എന്നിവയാണ് ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യത.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജൂണ്‍ 15 ന് മുമ്പ് caspattuvam.ihrd@gmail.com എന്ന ഇ മെയിലിലേക്ക് അയക്കേണ്ടതാണ്. ഫോണ്‍: 0460 2206050, 8547005048.
ഫെസിലിറ്റേറ്റര്‍ നിയമനം
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസപരമായ ഉന്നമനം, സ്കൂള്‍ കൊഴിഞ്ഞുപോക്ക് എന്നിവ തടയുന്നതിനും ഗൃഹപാഠങ്ങള്‍ പഠിക്കുന്നതിന് സഹായമേകുന്നതിനുമായി വകുപ്പ് നടപ്പിലാക്കിയ പഠനമുറി പദ്ധതിയില്‍ ഫെസിലിറ്റേറ്റര്‍മാരാകാന്‍ താല്പര്യമുള്ള പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി എഡ്/ടി ടി സി. പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി ജി, ബിരുദം, പ്ലസ്ടു യോഗ്യതയുള്ളവരെ പരിഗണിക്കും.
കോളയാട്, പേരാവൂര്‍, നടുവില്‍, തൃപ്പങ്ങോട്ടൂര്‍, പാട്യം, ചിറ്റാരിപ്പറമ്പ്, ആറളം, ഉളിക്കല്‍, പയ്യാവൂര്‍, എരുവേശ്ശി, ചെറുപുഴ, ആലക്കോട്, ചെങ്ങളായി, നടുവില്‍, കണിച്ചാര്‍ എന്നീ പഞ്ചായത്തുകളിലെ കോളനികളെ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം.
ഉദ്യോഗാര്‍ഥികള്‍ അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ ജൂണ്‍ 15 ന് മുമ്പ് ഐ ടി ഡി പ്രൊജക്ട് ഓഫീസിലോ ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0497 2700357.
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (665/12) തസ്തികയിലേക്ക് 2017 ഫെബ്രുവരി 23 ന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി കഴിഞ്ഞതിനാല്‍ ഫെബ്രുവരി 23 ന് പൂര്‍വ്വാഹ്നം മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ കണ്ണൂര്‍ മുന്‍സിഫ് കോര്‍ട്ട് സെന്ററില്‍ അഡ്വക്കറ്റ് ഫോര്‍ ഡൂയിങ്ങ് ഗവണ്മെന്റ് വര്‍ക്കറെ നിയമിക്കുന്നതിനായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ബയോഡാറ്റ, ജനന തീയതി തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ജൂണ്‍ 15 ന് വൈകിട്ട് അഞ്ച് മണിക്കകം കലക്ടറേറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്.
ലെവല്‍ക്രോസ് അടച്ചിടും
കണ്ണൂര്‍-വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലെ പള്ളിക്കുളം-അലവില്‍ റോഡിലുള്ള 246-ാം നമ്പര്‍ ലെവല്‍ക്രോസ് ജൂണ്‍ 10 ന് രാവിലെ എട്ട് മണി മുതല്‍ 11 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.
കണ്ണൂര്‍-വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലെ പള്ളിക്കുന്ന്-ചാലാട് റോഡിലുള്ള 244-ാം നമ്പര്‍ ലെവല്‍ക്രോസ് ജൂണ്‍ 12 ന് രാവിലെ എട്ട് മണി മുതല്‍ 13 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
വാഹനം ആവശ്യമുണ്ട്
ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിലേക്ക് മൂന്ന് മാസത്തേക്ക് വാഹനം ആവശ്യമുണ്ട്. താല്പര്യമുള്ളവര് ജൂണ്‍ 15 ന് വൈകിട്ട് നാല് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700911.
- Log in to post comments