പുന്നപ്ര തെക്ക് പഞ്ചായത്തിലെ ബഡ്സ് സ്‌കൂളിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍
ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. 2018-19 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും 9.5 ലക്ഷം രൂപ മുടക്കി പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് സ്‌കൂള്‍ നിര്‍മ്മിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞെങ്കിലും ഈ അധ്യയന വര്‍ഷം തന്നെ സ്‌കൂളിന്റെ പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധര്‍മ്മ പറഞ്ഞു.
പഞ്ചായത്ത് പരിധിയിലുള്ള 72 ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനമോഹമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. സ്വന്തം വീടുകളിലും സമീപ പഞ്ചായത്തുകളിലെ ബഡ്‌സ് സ്‌കൂളുകളിലുമായാണ് ഇത്രനാളും പലരും പഠനം നടത്തിയിരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ സര്‍ക്കാര്‍ ആരംഭിച്ചതാണ് ബഡ്സ് സ്‌കൂളുകള്‍. ഇവിടെ പ്രവേശനത്തിന് പ്രായപരിധിയും ഡൊണേഷനും ഫീസും ഇല്ലെന്നതാണ് സര്‍ക്കാര്‍ ബഡ്സ് സ്‌കൂളുകളുടെ പ്രത്യേകത. വാഹന സൗകര്യം, ഭക്ഷണം ഉള്‍പ്പെടെ കുട്ടികളുടെ മുഴുവന്‍ ഉത്തരവാദിത്തവും ബഡ്‌സ് സ്‌കൂളുകളില്‍ സുരക്ഷിതമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ ഫീസും പ്രായപരിധിയും നിര്‍ണയിച്ച് കുട്ടികളെ തെരഞ്ഞെടുക്കുമ്പോഴാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലെ ബഡ്സ് സ്‌കൂളുകള്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാകുന്നത്.
- Log in to post comments