'നാടകീയം' നാടകം മോക് ഡ്രില്‍ അവതരണത്തിലും സസ്പെന്‍സ്
മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനും വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുമായി സംഘടിപ്പിച്ച മോക്ക് ഡ്രില്‍ അക്ഷരാര്‍ത്ഥത്തില്‍ സസ്പെന്‍സ് നിറഞ്ഞതായി മാറി. അതീവ നാടകീയമായാണ് മോക്ഡ്രില്‍ നടത്തിയത്. വേങ്ങേരി വില്ലേജിലെ കണ്ണാടിക്കല്‍ വടക്കേ വയല്‍ പ്രദേശമാണ് മോക് ഡ്രില്ലിനായി നിശ്ചയിച്ചിരുന്നത്. പോലീസ്, ഫയര്‍ഫോഴ്സ് അടക്കമുള്ള സേനകളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം പ്രദേശത്ത് നിശ്ചിത സമയത്തിനു മുന്നേ നിലയുറപ്പിച്ചു. വടക്കേ വയലില്‍ വെള്ളത്തില്‍ മുങ്ങിയ മൂന്നു വീടുകളിലുള്ളവരെ ബോട്ടുകളിലും ഒരു ഫ്ളാറ്റിനു മുകളില്‍ കുടുങ്ങിയവരെ കയറുപയോഗിച്ചും രക്ഷപെടുത്താനായിരുന്നു പദ്ധതി. ഫയര്‍ ഫോഴ്സ് എല്ലാ മുന്നൊരുക്കങ്ങളും മണിക്കൂറുകള്‍ക്കുമുമ്പേ പൂര്‍ത്തിയാക്കിയിരുന്നു. പൊതുജനങ്ങള്‍ക്ക് സുഗമമായി വീക്ഷിക്കാവുന്ന തരത്തിലാണ് രംഗം സജ്ജീകരിച്ചത്. കൃത്യമായ ഗതാഗത നിയന്ത്രണം പോലീസും ഏറ്റെടുത്തു. പ്രദേശത്ത് അപകടകരമായ രീതിയില്‍ വെള്ളം കയറിയതായി കണ്ട്രോള് റൂമില്‍ വിവരം ലഭിക്കേണ്ട താമസം, ഡിങ്കിയുമായി രക്ഷാ വാഹനം മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തി. രക്ഷാവാഹനത്തില്‍ നിന്നും ഡിങ്കി ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് രക്ഷാപ്രവര്‍ത്തനം കഠിനമാക്കിക്കൊണ്ട് കണ്ട്രോള് റൂമില്‍നിന്നും അപകട സ്ഥലം ഇതല്ലെന്ന അറിയിപ്പ് ഫയര്‍ ഓഫീസര്‍ക്ക് ലഭിച്ചത്. പറഞ്ഞ സ്ഥലവും അടയാളവും ലക്ഷ്യമാക്കി അപായ ശബ്ദവും മുഴക്കി യഥാര്‍ത്ഥ സ്ഥലത്തേക്ക്. തടമ്പാട്ടുതാഴം മെലോ അപ്പാര്‍ട്ടുമെന്റും തൊട്ടടുത്ത കെട്ടിടവുമായിരുന്നു മോക് ഡ്രില്ലിനായി ഒരുക്കിയത്. ഫയര്‍ ഫോഴ്സിന്റെ വിവിധതരം വാഹനങ്ങളും അപായ ശബ്ദവും ആംബുലന്‍സുകളും മറ്റ് സര്‍ക്കാര്‍ വാഹനങ്ങളുമെല്ലാം കണ്ട് തടമ്പാട്ടുതാഴം ടൗണിലുള്ളവര്‍ ആദ്യം പരിഭ്രമിച്ചു. ഇതിനിടെ പ്രദേശത്ത് ഗതാഗത തടസ്സവുമുണ്ടായി. എന്തിനാണ് ഇങ്ങനെയൊരു ട്വിസ്റ്റ് എന്നു ചോദിച്ചപ്പോള്‍ അപകടം ആകസ്മികമായി സംഭവിക്കുന്നതല്ലേ അപ്പോഴല്ലേ യഥാര്‍ത്ഥ കാര്യക്ഷമത മനസ്സിലാവൂ എന്നാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവു പ്രതികരിച്ചത്. മൂന്നു ദിവസം മുന്നേ വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരുന്ന വടക്കേ വയലുകാര്ക്ക് ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍ സ്ഥലത്തെത്തുന്നതും അതോടെ എന്തോ സന്ദേശം ലഭിച്ച് എല്ലാ വാഹനങ്ങളും വരിവരിയായ് ഓടി മറയുന്നതും കാണാനേ കഴിഞ്ഞുള്ളൂ.
- Log in to post comments