Skip to main content

പരാതി പരിഹാരം ഓണ്‍ലൈനില്‍; ജില്ലാ കളക്ടറുടെ അദാലത്തിന് ഇന്ന് തുടക്കം

പരിഗണിക്കുന്നത് കാഞ്ഞിരപ്പള്ളി താലൂക്കിലെ 65 പരാതികള്‍

 

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ ഓണ്‍ലൈനില്‍ നടത്തുന്ന താലൂക്ക് തല പരാതി പരിഹാര അദാലത്തിന് ഇന്ന്(ജൂണ്‍ 19) തുടക്കം കുറിക്കും. കാഞ്ഞിരപ്പള്ളി താലൂക്കില്‍നിന്ന് ലഭിച്ചവയില്‍ 65 പരാതികളിലാണ് കളക്ടര്‍ പരാതിക്കാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുക.  കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് അദാലത്ത് നടത്തുന്നത്. 

 

താലൂക്കിലെ 21 അക്ഷയ കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി അനുവദിച്ചിട്ടുള്ള സമയങ്ങളില്‍ എത്തുന്ന അപേക്ഷകരുമായി രാവിലെ 11 മുതല്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന കളക്ടറേറ്റില്‍നിന്നാണ് സംസാരിക്കുക.  ജില്ലാതല ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും 23 വകുപ്പുകളിലെ ജീവനക്കാരും വെബെക്സ് മുഖേനയുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ വിവിധ ഓഫീസുകളില്‍നിന്ന് പങ്കെടുക്കും. ഐ.ടി മിഷന്‍റെ സാങ്കേതിക സഹായത്തോടെ ആകെ അന്‍പതു കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ അദാലത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

 

എരുമേലി പഞ്ചായത്തിലെ പരാതികളാണ്  ആദ്യം പരിഗണിക്കുക. അനുവദിച്ചിട്ടുള്ള സമയത്തുതന്നെ പരാതിക്കാര്‍ അതത് കേന്ദ്രങ്ങളില്‍ എത്തണമെന്നും കോവിഡ്-19 പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് അക്ഷയ കേന്ദ്രങ്ങള്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മറ്റു താലൂക്കുകളിലും പിന്നീട് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കും.

date