നാടാകെ മാലിന്യമുക്തമാകണം -മുഖ്യമന്ത്രി പിണറായി വിജയന്‍
* വള്ളക്കടവ് 'ഗ്രീന്‍ പാര്‍ക്കി'ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
വ്യക്തിശുചിത്വത്തില്‍ മാത്രമല്ല, നാടാകെ മാലിന്യമുക്തമാക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. വള്ളക്കടവ് എന്‍.എസ് ഡിപ്പോ ജംഗ്ഷനില്‍ മാലിന്യം ഒഴിവാക്കി സജ്ജീകരിച്ച 'ഗ്രീന്‍ പാര്‍ക്കി'ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ വെള്ളവും, മണ്ണും, വായുവും മലിനമാകുന്നതുകൊണ്ടാണ് മുമ്പൊന്നുമില്ലാത്ത പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നത്. ഒരു പ്രദേശത്ത് മാലിന്യം കെട്ടിക്കിടന്നാല്‍ അവിടം മാത്രമല്ല മലിനമാകുന്നത്. വായു അശുദ്ധമാകും, മാലിന്യം കൂടുമ്പോള്‍ മണ്ണും വെള്ളവുമൊക്കെ മോശമാകും.
മാലിന്യനിക്ഷേപത്തിലൂടെ മലിനമായിരുന്ന ഈ ഗ്രൗണ്ട് വൃത്തിയാക്കി പാര്‍ക്ക് നിര്‍മിക്കാന്‍ സഹായം നല്‍കിയ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടി സാമൂഹ്യപ്രതിബദ്ധതയുടെ ഉദാഹരണമാണ്. നാട്ടുകാര്‍ക്ക് നല്ല രീതിയില്‍ ഉപയോഗിക്കാവുന്ന കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. നാടിനാകെ ഗുണം ലഭിക്കുന്നതിനൊപ്പം, മാലിന്യം തേടി പക്ഷികള്‍ വരുമ്പോള്‍ വിമാനങ്ങള്‍ക്കുണ്ടാകുന്ന അപകട സാധ്യതയും ഒഴിവാക്കാനാകും.
പുതുതായി സ്ഥാപിച്ച ഏറോബിക് ബിന്നുകള്‍ നല്ലരീതിയില്‍ മാലിന്യസംസ്‌കരണത്തിന് ഉപയോഗിക്കാം എന്ന് തെളിയിക്കപ്പെട്ടതാണ്. ഇവ മാതൃകാപരമായി പ്രവര്‍ത്തിപ്പിക്കാനും പാര്‍ക്ക് എല്ലാകാലവും സംരക്ഷിക്കാനുമാണ് കോര്‍പറേഷനെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. മേയര്‍ വി.കെ. പ്രശാന്ത് പാര്‍ക്കിന്റെ താക്കോല്‍ ഏറ്റുവാങ്ങി.കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷാജിതാ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സതേണ്‍ റീജിയണല്‍ ഡയറക്ടര്‍ എസ്. ശ്രീകുമാര്‍ സ്വാഗതവും വിമാനത്താവള ഡയറക്ടര്‍ ജോര്‍ജ് ജി. തരകന്‍ നന്ദിയും പറഞ്ഞു.
വിമാനത്താവളത്തോടു ചേര്‍ന്ന് മാലിന്യകേന്ദ്രമായി കിടന്ന പ്രദേശം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ഉപയോഗിച്ചാണ് വൃത്തിയാക്കി പാര്‍ക്കും ഏറോബിക് ബിന്നും ഇ-ടോയ്‌ലെറ്റും സ്ഥാപിച്ചത്. 4000 ചതുരശ്ര അടി സ്ഥലത്ത് കുട്ടികളുടെ പാര്‍ക്ക്, കളിക്കോപ്പുകള്‍, ചുറ്റും വിശാലമായ നടപ്പാത എന്നിവയുണ്ട്. പാര്‍ക്കിന്റെയും ബിന്നിന്റെയും പരിപാലന ചുമതല കോര്‍പറേഷനാണ്. ഏറോബിക് ബിന്നിലേക്ക് മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും പ്രത്യേക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
പി.എന്‍.എക്‌സ്.796/18
- Log in to post comments