Skip to main content
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ നടത്തിയ മോക്ക് ഡ്രില്ലിലെ വിവിധ ദൃശ്യങ്ങള്‍

ദുരന്തത്തെ നേരിടാം... ആശങ്ക ആശ്വാസത്തിനു വഴിമാറി മോക്ഡ്രില്‍

പ്രകൃതിദുരന്തങ്ങളില്‍ പതറാതെ, കൃത്യമായ ഏകോപനത്തോടെ രക്ഷാദൗത്യം. കാലവര്‍ഷം കനത്താല്‍ ഹൈറേഞ്ച് കൂടുതല്‍ ഭയക്കുന്നത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ്. ഇതോടൊപ്പം 2018ലെ പ്രളയവും മലയോര നിവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇനി അതുപോലുള്ള ഒരു ദുരന്തം ജില്ല നേരിടേണ്ടി വന്നാല്‍ അതെങ്ങനെ നേരിടാം, ദുരന്തനിവാരണ, രക്ഷാദൗത്യ ഉപകരണങ്ങളുടെയും സേനയുടെയും ക്ഷമത പരിശോധിക്കുക, സമയബന്ധിതമായി വിവിധ വകുപ്പുകളുടെ ഏകോപനം,   ജീവിതത്തിനും മരണത്തിനുമിടയിലകപ്പെട്ടവരെ രക്ഷപെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെറുതോണിയില്‍ നടത്തിയ മോക്ഡ്രില്‍ യഥാര്‍ത്ഥ്യത്തോട് കിടപിടിക്കുന്നതായിരുന്നു.
 അലാറം മുഴക്കി തലങ്ങുവിലങ്ങും പായുന്ന ആംബുലന്‍സ്, അഗ്‌നിശമന സേനയുടെ മൊബൈല്‍ ടാങ്കര്‍ യൂണിറ്റ്, പോലീസ്, ഫയര്‍ഫോഴ്‌സ് സേനകളുടെ വാഹനങ്ങള്‍, നിര്‍ദേശങ്ങള്‍ നല്കി ഉദ്യോഗസ്ഥര്‍ - ഇതെല്ലാം കണ്ടപ്പോള്‍ ചെറുതോണിയില്‍ വീണ്ടുമൊരു ദുരന്തമോയെന്ന ആശങ്കയോടെ നാട്ടുകാര്‍ ഓടിയെത്തി. മോക്ക്ഡ്രില്‍ ആണെന്ന് മനസിലായതോടെ അത് ആശ്വാസത്തിന് വഴിമാറി.  
ചെറുതോണിപുഴക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടാകുന്നതും അപകടത്തില്‍പ്പെട്ടവരില്‍ രണ്ടുപേര്‍  പുഴയില്‍ വീഴുകയും ചെയ്യുന്നു. മണ്ണിടിച്ചിലില്‍ ഒരാള്‍ മരണപ്പെടുന്നു. മൃത ശരീരം കെട്ടിയിറക്കുന്നു.
പുഴയില്‍ വീണ ആളുകളെയും  മണ്ണിടിച്ചിലില്‍ അകപ്പെട്ടവരെയും ദേശീയ ദുരന്തനിവാരണ സേന, ഫയര്‍ ഫോഴ്‌സ്,സ്‌കൂബാ ടീം എന്നിവര്‍ സംയുക്തമായി രക്ഷപെടുത്തുകയും പോലീസ് ഗതാഗതം നിയന്ത്രിക്കുകയും ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ വകുപ്പുതല ഏകോപനം നടത്തുകയും ചെയ്യുന്നതായാണ് മോക്ഡ്രില്ലില്‍ അവതരിപ്പിച്ചത് . അപകടത്തില്‍ പെട്ടവരായി പങ്കെടുത്തത്  വാഴത്തോപ്പ്, കട്ടപ്പന മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പരിശീലനം നല്കിയ യുവജന സന്നദ്ധ സേനാംഗങ്ങളില്‍  നിന്ന് തിരഞ്ഞെടുത്തവരാണ് .

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ ദുരന്ത നിവാരണ വിഭാഗം, ഫയര്‍ ഫോഴ്‌സ്, എന്‍ ഡി ആര്‍ എഫ്, പോലീസ്, ആരോഗ്യ വിഭാഗം, റവന്യു, സന്നദ്ധപ്രവര്‍ത്തകര്‍, എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനു മുന്നോടിയായി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ വി.എം, വൈസ് പ്രസിഡന്റ് കെ.എം. ജലാലുദ്ദീന്‍,  എ ഡി എം ആന്റണി സ്‌കറിയ, തഹസീല്‍ദാര്‍ വിന്‍സന്റ് ജോസഫ് തുടങ്ങിയവര്‍ മോക്ക്ഡ്രില്‍ വീക്ഷിയ്ക്കാനെത്തിയിരുന്നു.

ടീം കമാന്‍ഡര്‍ പ്രദീപ് കുമാര്‍, ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ റെജി. വി. കുര്യക്കോസ്, ഇടുക്കി സ്റ്റേഷന്‍ ഓഫീസര്‍ ആര്‍.ജയദേവന്‍, വി.വിജിന്‍, എസ്. സ്റ്റീഫന്‍, കുന്ദന്‍ കുമാര്‍, ആര്‍ എം ഒ അരുണ്‍കുമാര്‍, ജോബി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 50 അംഗ ടീമാണ് മോക്ക് ഡ്രില്ലില്‍ പങ്കെടുത്തത്. മോക്ക് ഡ്രില്ലിനു മുന്നോടിയായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും ഹസാര്‍ഡ് അനലിസ്റ്റ് രാജീവ് ടി ആര്‍  ഫയര്‍ ഫോഴ്‌സ്, എന്‍ ഡിആര്‍ എഫ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മോക്ഡ്രില്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.  

 

date