Skip to main content

പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗങ്ങളാവാം.

കേരളത്തിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇനി കേരള സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗങ്ങളാവാം. കേരളത്തിലെ പത്ര-ദൃശ്യ-ഡിജിറ്റല്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പത്രഏജന്റുമാര്‍, വിതരണക്കാര്‍, മറ്റ് ക്ഷേമനിധികളില്‍ അംഗങ്ങളല്ലാത്ത തൊഴിലാളികള്‍ എന്നിവര്‍ക്കാണ് കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് മുഖാന്തിരം ക്ഷേമനിധിയില്‍ ചേരാന്‍ കഴിയുക. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അംഗത്വമുള്ളവര്‍ക്ക് 60 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അംഗത്വകാലയളവിന് ആനുപാതികമായി റിട്ടയര്‍മെന്റ് ആനുകൂല്യം അനുവദിക്കും. ഒരു വര്‍ഷം തുടര്‍ച്ചയായി അംശദായം അടച്ച വനിത അംഗത്തിന് പ്രസവ ധനസഹായമായി 15000 രൂപ വരെ ലഭിക്കും. ഒരു വര്‍ഷം തുടര്‍ച്ചയായി അംശദായം അടച്ച അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ക്കും പദ്ധതിയിലെ വനിതാ അംഗങ്ങള്‍ക്കും വിവാഹ ധനസഹായമായി 10000 രൂപ ലഭിക്കും. പദ്ധതിയില്‍ അംഗമായിരിക്കെ 60 വയസ് പൂര്‍ത്തിയാക്കി വിരമിക്കുന്ന ആള്‍ക്ക് ഇന്ദിരാഗാന്ധി നാഷണല്‍ ഓള്‍ഡ് ഏജ് പെന്‍ഷന്‍ സ്‌കീം പ്രകാരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. പദ്ധതിയില്‍ കുറഞ്ഞത് 10 വര്‍ഷം അംശദായം അടച്ച് പെന്‍ഷന് അര്‍ഹതയുള്ള അംഗം മരണമടഞ്ഞാല്‍ അയാളുടെ കുടുംബത്തിന് കുടുംബ പെന്‍ഷനായി പ്രതിമാസം 300 രൂപ ലഭിക്കുന്നതാണ്.

പദ്ധതിയില്‍ കുറഞ്ഞത് 5 വര്‍ഷം തുടര്‍ച്ചയായി അംശദായം ഒടുക്കുകയും അപകടം മൂലം സ്ഥിരവും പൂര്‍ണ്ണവുമായ ശാരീരിക അവശത അനുഭവിക്കുന്ന അംഗത്തിന് അവശതാ പെന്‍ഷനായി പ്രതിമാസം 1200 രൂപ നല്‍കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. പദ്ധതിയംഗങ്ങളുടെ മക്കള്‍ക്ക് വിവിധ കോഴ്‌സുകള്‍ക്ക് 750 രൂപ മുതല്‍ 2500 രൂപ വരെ വിദ്യാഭ്യാസാനുകൂല്യമായി പ്രതിവര്‍ഷം നല്‍കും. നിലവിലെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലോ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള ആശുപത്രികളിലോ ഇന്‍ പേഷ്യന്റ് ആയുള്ള ചികിത്സയ്ക്ക് അംഗത്വ കാലയളവിനുള്ളില്‍ പരമാവധി 10000 രൂപ ചികിത്സാ ധനസഹായമായി നല്‍കുന്നു.
പദ്ധതിയംഗ ആശ്രിതര്‍ക്ക് മരണാനന്തര ആനുകൂല്യവും അപകട ആനുകൂല്യവും ലഭിക്കുന്നതിന് മുഴുവന്‍ പദ്ധതി അംഗങ്ങളെയും സൗജന്യമായി പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജന പദ്ധതിയില്‍ അംഗങ്ങളാക്കിയിട്ടുണ്ട്. പദ്ധതി അംഗം മരണമടഞ്ഞാല്‍ മരണാനന്തര ചെലവുകള്‍ക്കായി 1000/ രൂപ നിധിയില്‍ നിന്ന് ആശ്രിതന് ലഭിക്കും. 10 വര്‍ഷത്തില്‍ കൂടുതല്‍ അംശദായം അടച്ച അംഗങ്ങള്‍ക്ക് വിവാഹം, വീട് നിര്‍മ്മാണം, സ്വയംതൊഴില്‍ എന്നീ ആവശ്യങ്ങള്‍ക്കായി മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കത്തക്ക വിധത്തില്‍ പലിശരഹിത വായ്പയും അനുവദിക്കും. കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഓഫീസില്‍ നിന്ന് അപേക്ഷാ ഫോമുകള്‍ ലഭിക്കും.  സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍  ഐ.ഡി കാര്‍ഡ് എന്നിവയുടെ കോപ്പിയും നാല് ഫോട്ടോയും അപേക്ഷയോടൊപ്പം നല്കണം.  വിലാസം: കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ,് ഹോളിഡേ ഹോം, കുമളി-685539,  ഫോണ്‍ - 7356362799

 

date