പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ വിള ആരോഗ്യ കേന്ദ്രവും പത്തായപുരയും തുറന്നു
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വിള ആരോഗ്യ കേന്ദ്രത്തിന്റെയും പത്തായപുരയുടെയും ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ ഓൺലൈൻ വഴി നിർവ്വഹിച്ചു. കാർഷിക മേഖലയിൽ വളരെയധികം പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്തിൽ നടീൽ വസ്തുക്കളും മറ്റു കാർഷിക ഉല്പാദനോപാധികളും സൂക്ഷിക്കാൻ സൗകര്യം നിലവിലുണ്ടായിരുന്നില്ല. ഈ അവസരത്തിൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് പത്തായപ്പുരയും അതിനോടനുബന്ധിച്ച് വിള ആരോഗ്യ കേന്ദ്രവും നിർമ്മിക്കുകയായിരുന്നു.
കാർഷികവിളകളെ ബാധിക്കുന്ന രോഗങ്ങളെയും കീടങ്ങളെയും പറ്റി കർഷകർക്ക് അറിയുവാനും രോഗ-കീട നിർണയം നടത്തുവാനും വിള ആരോഗ്യ കേന്ദ്രത്തിൽ സൗകര്യം ഒരുക്കിയിരിക്കുന്നു. കർഷകർക്ക് വിവിധങ്ങളായ വിഷയങ്ങളിൽ പരിശീലനം നൽകുവാനും വിള ആരോഗ്യ കേന്ദ്രം ലക്ഷ്യമിടുന്നു. സംസ്ഥാന കൃഷി വകുപ്പിന്റെ രൂപ ചിലവഴിച്ചാണ് വിള ആരോഗ്യ കേന്ദ്രത്തിലെ ഉപകരണങ്ങളും പരിശീലന സൗകര്യങ്ങളും സജ്ജമാക്കിയിട്ടുള്ളത്.
ഗവ. ചീഫ് വിപ്പ് കെ രാജൻ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി അനിത കെ വി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ലില്ലി ഫ്രാൻസിസ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി അബൂബക്കർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഭാസ്കരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എസ് സുമേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി വർഗീസ്, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ കെ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, കൃഷി വകുപ്പുദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments