Skip to main content

കുന്നംകുളത്ത് നിന്ന് രണ്ടര ടൺ ചകിരിപ്പൊടി സംസ്‌കരണത്തിന് കൊണ്ടുപോയി

കുന്നംകുളം നഗരസഭയിലെ കുറുക്കൻപാറ ഗ്രീൻപാർക്കിൽ കഴിഞ്ഞ ആഴ്ചയിൽ പ്രവർത്തനമാരംഭിച്ച ചകിരി സംസ്‌കരണ യൂണിറ്റിൽനിന്ന് രണ്ടര ടൺ ചകിരിപ്പൊടി ജൈവവളസംസ്‌കരണത്തിന് കൊണ്ടുപോയി. പഴയന്നൂർ ഗ്രാമ പഞ്ചായത്തിലേക്ക് കൊണ്ടുപോയ ചകിരിപ്പൊടി പഞ്ചായത്തിലെ എയ്‌റോബിക് കമ്പോസ്റ്റിങ് ജൈവമാലിന്യസംസ്‌കരണ യൂണിറ്റിൽ മാലിന്യങ്ങൾ വളമാക്കി മാറ്റിയെടുക്കും.
ചകിരിപ്പൊടിയിൽ ബാക്ടീരിയ ഇനോക്കുലം ചേർത്താണ് ജൈവമാലിന്യം വളമാക്കി മാറ്റുക. കുടുംബശ്രീയ്ക്ക് കീഴിലുള്ള ഹരിത ആക്ടിവിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജൂൺ 17-നാണ് സംസ്‌കരണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.
ആറു ദിവസത്തിനുള്ളിൽ രണ്ടര ടൺ ചകിരിപ്പൊടി കയറ്റി അയയ്ക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഹരിത ഗ്രൂപ്പ് അംഗങ്ങൾ. കിലോഗ്രാമിന് നാല് രൂപ നിരക്കിലാണ് ചകിരിപ്പൊടി നൽകുന്നത്. മണിക്കൂറിൽ ആയിരം ചകിരി സംസ്‌കരിക്കാൻ ശേഷിയുള്ള യന്ത്രങ്ങൾ കേരഫെഡിന്റെ നേതൃത്വത്തിൽ കുന്നംകുളത്തെ സംസ്‌കരണ യൂണിറ്റിലുണ്ട്.
ആദ്യമായി ചകിരിപ്പൊടി കയറ്റി അയക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, വി.മനോജ്കുമാർ, കൗൺസിലർ വിദ്യ രഞ്ജിത്ത്, ഹരിത ഗ്രൂപ്പ് അംഗങ്ങളായ സുഭാഷിണി ജനാർദനൻ, സിന്ധു ബാബു, ഗിരിജ രാജൻ, പി.വി.ഷീജ, പ്രേമലത, രമ രമേഷ് എന്നിവർ പങ്കെടുത്തു.
 

date