വൈക്കം താലൂക്കിലെ പരാതി പരിഹാരം ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ അദാലത്ത് ജൂലൈ നാലിന്
വൈക്കം താലൂക്കിലെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എം. അഞ്ജന ജൂലൈ നാലിന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ അദാലത്ത് നടത്തുന്നത്.
പരാതികള്‍ ഇന്ന് (ജൂണ്‍ 26) രാവിലെ 11 മുതല്‍ നാളെ (ജൂണ്‍ 27) ഉച്ചകഴിഞ്ഞ് രണ്ടു വരെ വൈക്കം താലൂക്കിലെ 34 അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കും. പരാതിക്കാര്‍ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ഇ-ആപ്ലിക്കേഷന്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നാളെ (ജൂണ്‍ 27) ഉച്ചകഴിഞ്ഞ് രണ്ടിനു ശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കുന്നതല്ല. വീടും സ്ഥലവും ലഭ്യമാക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ലഭിക്കുന്ന ചികിത്സാ ധനസഹായം, റേഷന്‍ കാര്‍ഡ് , നിലം-തോട്ടം- പുരയിടം ഇനം മാറ്റം എന്നിവ ഒഴികെയുളള പരാതികളാണ് സ്വീകരിക്കുക.
നേരിട്ട് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുകളിലാണ് ജൂലൈ നാലിന് കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുക. അപേക്ഷകര്‍ക്ക് കളക്ടറോട് സംസാരിക്കുന്നതിന് അതത് മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും. മുന്‍കൂട്ടി അറിയിക്കുന്ന സമയത്ത് അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തണം. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ അതത് ഓഫീസുകളില്‍നിന്ന് അദാലത്തില്‍ പങ്കുചേരും.
സര്‍ക്കാര്‍ ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും അദാലത്തുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുക.
- Log in to post comments