ഭൂമി ഏറ്റെടുക്കല്‍: പുനരധിവാസ പാക്കേജില്‍ വ്യക്തത വരുത്തി ഉത്തരവായി
വിവിധ പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോഴുള്ള പുനരധിവാസവും പുന:സ്ഥാപനവും സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ സ്ഥലമേറ്റെടുക്കലിലെ സങ്കീര്‍ണത ഒഴിവാക്കാന്‍ പുതിയ ഉത്തരവുകൊണ്ട് സാധിക്കും. ദേശീയപാതയുടേതടക്കമുള്ള ഭൂമി ഏറ്റെടുക്കലിന് ഇത് ബാധകമാകും. നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങള്‍ക്ക് കെട്ടിടവിലയുടെ ഇരട്ടി തുകയും നഷ്ടപരിഹാരമായി നല്‍കും. ഇതിനുപുറമെയാണ് പുനരധിവാസത്തിനും പുനസ്ഥാപനത്തിനും തുക അനുവദിക്കുന്നത്.
പദ്ധതിക്ക് വേണ്ടി വീട് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഗ്രാമ പ്രദേശങ്ങളില്‍ ഇന്ദിരാ ആവാസ് യോജനയുടെ മാനദണ്ഡമനുസരിച്ച് പുതിയ വീട് നിര്‍മിച്ചുനല്‍കും. നഗരപ്രദേശങ്ങളില്‍ വീടുനഷ്ടപ്പെടുന്നവര്‍ക്ക് 50 ചതുരശ്ര മീറ്ററില്‍ കുറയാത്ത വീട് നല്‍കും. വീട് ആവശ്യമില്ലെങ്കില്‍ സാമ്പത്തികസ്ഥിതി പരിഗണിക്കാതെ മൂന്ന് ലക്ഷം രൂപ നല്‍കും.
ജലസേചന പദ്ധതികള്‍ക്ക് വേണ്ടി കൃഷിഭൂമി ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തിന്റെ കൃഷിഭൂമി നഷ്ടപ്പെടുകയാണെങ്കില്‍ അതേ അളവില്‍ പകരം കൃഷിഭൂമിയോ പരമാവധി രണ്ടര ഏക്കര്‍ ഭൂമിയോ നല്‍കും. ഏതാണോ ഏറ്റെടുത്ത ഭൂമിയേക്കാള്‍ കുറവ് അതായിരിക്കും അനുവദിക്കുക. നഗരവത്കരണത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം ആ ഭൂമിയുടെ 20 ശതമാനം ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കാന്‍ വ്യവസ്ഥ ചെയ്യും. അവികസിതമായ പഴയ ഭൂമിയുടെ വില കണക്കാക്കി അതിന് തുല്യമായ വില വരുന്ന അളവിലാണ് ഭൂമി അനുവദിക്കുക.
പദ്ധതിക്ക് വേണ്ടി മാറ്റിപ്പാര്‍പ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് നഷ്ടപരിഹാരം നല്‍കും.പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാരെ മാറ്റിപ്പാര്‍പ്പിക്കുമ്പോള്‍ സമാന പാരിസ്ഥിതിക സ്വഭാവമുള്ള സ്ഥലങ്ങളിലേക്ക് മാത്രമേ മാറ്റിപ്പാര്‍പ്പിക്കൂ. പട്ടിക വര്‍ഗക്കാരെ മാറ്റിപ്പാര്‍പ്പിക്കുമ്പോള്‍ സമാന സംസ്‌കാരവും തൊഴില്‍ സാഹചര്യവും ഉള്ള ഇടമാണെന്ന് ഉറപ്പാക്കും. അതേ ഭാഷ സംസാരിക്കുന്ന ആളുകള്‍ താമസിക്കുന്ന പ്രദേശത്താണ് പുനരധിവാസത്തിന് സ്ഥലം കണ്ടെത്തേണ്ടത്.
മാറ്റിപ്പാര്‍പ്പിക്കുന്ന കുടുംബങ്ങളുടെ സാധനസാമഗ്രികള്‍ കന്നുകാലികള്‍ എന്നിവ കൊണ്ടുപോകുന്നതിനായി ഒറ്റത്തവണ വ്യവസ്ഥയില്‍ കടത്തുകൂലിയായി 50000 രൂപ നല്‍കും. പെട്ടിക്കടകള്‍, തൊഴുത്ത് എന്നിവക്ക് 25000 രൂപ മുതല്‍ 50000 രൂപ വരെ നഷ്ടപരിഹാരം നല്‍കും. പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ബാധിക്കുന്ന കുടുംബങ്ങളിലെ ഒരംഗത്തിന് പദ്ധതിയില്‍ ജോലി നല്‍കും. ഒറ്റത്തവണ നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയോ പ്രതിമാസം 3000 രൂപയില്‍ കുറയാത്ത തുക 20 വര്‍ഷത്തേക്കോ നല്‍കും.
കുടില്‍ വ്യവസായങ്ങളില്‍ നിന്ന് വരുമാനം കണ്ടെത്തുന്നവരുടെ കൃഷിയോഗ്യമോ വ്യാവസായികമോ അല്ലാത്ത ഭൂമി ഏറ്റെടുക്കുമ്പോള്‍ 50000 രൂപ ഒറ്റത്തവണയായി നല്‍കും. ജലസേചനത്തിനോ ജലവൈദ്യുത പദ്ധതികള്‍ക്കോ അണക്കെട്ട് പണിയുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ജലസംഭരണികളില്‍ നിന്ന് മീന്‍ പിടിക്കാനുള്ള അവകാശം നല്‍കാനും വ്യവസ്ഥയുണ്ട്. മാറ്റിപ്പാര്‍പ്പിക്കുന്ന ഓരോ കുടുംബത്തിനും പുനരധിവാസത്തിനായി 50000 രൂപ ഒറ്റത്തവണയായി അനുവദിക്കും. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രതിമാസം 6000 രൂപ നിരക്കില്‍ ആറുമാസത്തേക്ക് നല്‍കും. വാടകക്കാരെ മാറ്റിപ്പാര്‍പ്പിക്കുമ്പോള്‍ ഷിഫ്റ്റിംഗ് അലവന്‍സായി 30000 രൂപ നല്‍കും. പുറമ്പോക്കില്‍ മൂന്നുവര്‍ഷത്തിലധികമായി കച്ചവടം ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവരെ പദ്ധതിപ്രദേശത്തുനിന്ന് മാറ്റുമ്പോള്‍ പ്രതിമാസം 5000 രൂപ നിരക്കില്‍ ആറുമാസത്തേക്ക് നഷ്ടപരിഹാരത്തുക നല്‍കും. വ്യവസായ സ്ഥാപനങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിന് ഒറ്റത്തവണ രണ്ട് ലക്ഷം രൂപ നല്‍കും. കമ്പനികള്‍, ബാങ്കുകള്‍, രണ്ടായിരം ചതുരശ്രമീറ്ററില്‍ അധികം വിസ്തീര്‍ണമുള്ള കടകള്‍ എന്നിവയ്ക്ക് ഇതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ആരാധനാലയങ്ങള്‍ക്ക് ഭൂമി വിലയുടേയും കെട്ടിടവിലയുടേയും ഇരട്ടി തുക നഷ്ടപരിഹാരം നല്‍കുന്നതിനോടൊപ്പം മാറ്റി സ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപ അധികമായി നല്‍കും.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കിക്കൊണ്ടാണ് പുതിയ നയം. ജനങ്ങളുടെ എതിര്‍പ്പ് മൂലം പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നീണ്ടുപോകുന്നത് ഒഴിവാക്കാനാണ് പുതിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഉത്തരവിറക്കിയത്.
- Log in to post comments