Skip to main content

കുടുംബശ്രീ സ്‌നേഹിത കോളിങ് ബെല്‍ പദ്ധതിയില്‍ പുളിക്കലില്‍ വീടൊരുങ്ങി

 

കുടുംബശ്രീ സ്‌നേഹിത കോളിങ് ബെല്‍ പദ്ധതിയില്‍ സംസ്ഥാനത്തെ പ്രഥമ വീട് പുളിക്കലില്‍ ഒരുങ്ങി.  പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍, ഒലിക്കുംപുറം സ്വദേശിനി സി.പി. കാര്‍ത്യായനിക്കാണ് സിംഗ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ സഹായത്തോടെ സ്‌നേഹ വീടൊരുങ്ങിയത്. നാല് ലക്ഷത്തോളം രൂപ ചെലവില്‍ ഒരുക്കി സ്‌നേഹഭവനത്തിന് വിവിധ സന്നദ്ധ സംഘടനകളും വിദ്യാര്‍ഥികളും പങ്കാളികളായി.
സംസ്ഥാന സര്‍ക്കാറിന്റെ കുടുംബശ്രീ സ്‌നേഹിത കോളിങ് ബെല്‍ പദ്ധതി പ്രകാരം സ്ഥലം സന്ദര്‍ശിച്ച ടി.വി. ഇബ്രാഹീം എം.എല്‍.എ യാണ് വീട് നിര്‍മ്മാണം ഏറ്റെടുക്കാന്‍ ജില്ലാ പഞ്ചായത്ത് മെമ്പറായ സറീന ഹസീബിനോട് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് മെമ്പറുടെ നേതൃത്വത്തിലുള്ള സ്വിംഗ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ സഹായത്തില്‍ വീടൊരുക്കുകയും ചെയ്തു. 2019 നവംബര്‍ 29 ന് ആരംഭിച്ച വീട് നിര്‍മാണം ആറുമാസം കൊണ്ട് പൂര്‍ത്തീകരിക്കുകയായിരുന്നു. സ്‌നേഹിത കോളിങ് ബെല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ വീടായ അരൂര്‍ സ്‌നേഹഭവനത്തിന്റെ താക്കോല്‍ ഇന്ന്  (ജൂണ്‍ 27ന് )ലളിതമായ ചടങ്ങില്‍  ടി.വി ഇബ്രാഹീം എം.എല്‍.എ കാര്‍ത്യായനിക്ക് കൈമാറും. സറീന ഹസീബ് അധ്യക്ഷയാവും.
(എം.പി.എം 2400/2020)

date