നൂറു കുളം പദ്ധതി - മൂന്നാംഘട്ടത്തിന് ഇന്ന് (മാര്‍ച്ച് 4) തുടക്കം
കൊച്ചി: നൂറു കുളം പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഇന്ന് (മാര്‍ച്ച് 4) ആമ്പല്ലൂരില്‍ തുടക്കമാവും. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പു മുഖാന്തിരവും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടുമുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആമ്പല്ലൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ചമ്പന്നക്കുളം ശുചീകരണത്തോടെയാണ് ജില്ലയിലെ കുളങ്ങളുടെ നവീകരണത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത്. അന്‍പൊടു കൊച്ചി സന്നദ്ധ പ്രവര്‍ത്തകരും വരിക്കോലി മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. മൂന്നു മാസം കൊണ്ട് 100 കുളങ്ങളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. 2016-ല്‍ എന്റെ കുളം- എറണാകുളം പദ്ധതിയില്‍ 55 കുളങ്ങളും 2017-ല്‍ 50 ദിവസം നൂറു കുളം പദ്ധതിയില്‍ 151 കുളങ്ങളും നവീകരിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും എന്‍എസ്എസ് വോളന്റിയേഴ്‌സിന്റയും കുംടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെയും പങ്കാളിത്തത്തോടെയാണ് പ്രവൃത്തികള്‍ കുളങ്ങള്‍ വൃത്തിയാക്കിയത്. കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ കുളങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും തുടര്‍സംരക്ഷണത്തിന് വിവിധ സംഘടനകളെ ചുമതലയേല്‍പ്പിക്കുകയും ചെയ്തിരുന്നു. മുമ്പു വൃത്തിയാക്കിയ 206 കുളങ്ങളും അന്‍പൊടു കൊച്ചി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു നിലവിലെ സ്ഥിതി വിലയിരുത്തുന്നുണ്ട്. ഇതില്‍ ഏറ്റവും നന്നായി സൂക്ഷിച്ചിട്ടുള്ള 5 കുളങ്ങള്‍ പരിപാലനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും അവാര്‍ഡുകളും നല്‍കും.
- Log in to post comments