മീഡിയ അക്കാദമി ഹരിതകേരളം മത്സരവിജയികള്‍
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഹരിതകേരളം മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഹ്രസ്വചിത്രം, ഹരിതകേരള മുദ്രാഗാനം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.
ഹ്രസ്വചിത്ര വിഭാഗം കോളേജ് തലത്തിലുള്ള മത്സരങ്ങളില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥി അഖില്‍രാഗ് കെ. സംവിധാനം ചെയ്ത 'വിത്ത്' ഒന്നാം സമ്മാനം നേടി. സ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ ചാവശ്ശേരി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംവിധാനം ചെയ്ത 'വേരുകള്‍' ഒന്നാം സമ്മാനം നേടി. ഹരിതകേരള ഗാന ചിത്രീകരണ മത്സരത്തില്‍ സ്‌കൂള്‍ വിഭാഗത്തില്‍ മാലിപ്പുറം ഐ.ഐ.വി. യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരി സുഭാഷും സംഘവും ഒന്നാം സമ്മാനം നേടി. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി നിവേദിത എസ്. മേനോന്‍, വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥി ജോബി എ.ജി. എന്നിവര്‍ രണ്ടാം സമ്മാനം നേടി.
പ്രഭാവര്‍മ രചിച്ച് യേശുദാസ് ഈണം പകര്‍ന്ന് യേശുദാസ് ആലപിച്ചതാണ് ഹരിതകേരള മുദ്രഗാനം. ഈ ഗാനത്തിന്റെ ചിത്രീകരണ മത്സരത്തില്‍ കോളേജ് വിഭാഗത്തില്‍ ഒന്നാം സമ്മാനാര്‍ഹമായവ ഇല്ല. അഖില്‍ദാസ്, മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഗാനചിത്രീകരണത്തിന് രണ്ടാം സ്ഥാനവും അരീക്കോട് സുല്ലമുസല്ലാം സയന്‍സ് കോളേജ് വിദ്യാര്‍ത്ഥി മുഹ്‌സീന യു.കെ മൂന്നാം സ്ഥാനവും നേടി. ഹ്രസ്വചിത്രം കോളേജ്-ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ചിത്രങ്ങള്‍ ഇല്ല. തിരുവനന്തപുരം ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസ് ലെ ദേവുകൃഷ്ണ എസ്. നാഥ് തയ്യാറാക്കിയ 'അണ്ണാന്‍കുഞ്ഞും', തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ സെന്‍ട്രല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി അബു സാജിദ് ഷാഹുല്‍ ഹമീദ് തയ്യാറാക്കിയ 'ഞാന്‍ ഒരു ചെടിയായാല്‍', തേവര എസ്.എച്ച് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി ഫെബിന്‍ എം. സണ്ണി തയ്യാറാക്കിയ 'സേവിംഗ്‌സ്', അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കൊച്ചി വിദ്യാര്‍ത്ഥിനി ഏഞ്ചല്‍ റോസ് രാജു തയ്യാറാക്കിയ 'നിറകുടം', അരീക്കോട് സുല്ലമുസല്ലാം സയന്‍സ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് നിജാദ് പി. തയ്യാറാക്കിയ 'ഡ്രോപ്' എന്നിവ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.
സിനിമ സംവിധായകന്‍ ഹരികുമാര്‍, കൈരളി ടിവി ന്യൂസ് ഹെഡ് എന്‍.പി. ചന്ദ്രശേഖരന്‍, നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതി എന്നിവരടങ്ങിയ സമിതിയാണ് വിധിനിര്‍ണയം നടത്തിയതെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.
പി.എന്‍.എക്‌സ്.816/18
- Log in to post comments