Skip to main content

വയനാട് മെഡിക്കല്‍ കോളേജ്; വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി: സി.കെ ശശീന്ദ്രന്‍ എം.എല്‍.എ

വയനാട്ടുകാരുടെ ചിരകാല സ്വപ്നമായ വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയടെ റിപ്പോര്‍ട്ട് അനുകൂലമായാല്‍ ഉടന്‍ തന്നെ ഡി.എം വിംസ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. ഡി.എം വിംസ് മെഡിക്കല്‍ കോളേജ് സര്‍ക്കാരിനു കൈമാറുന്നതിന് സന്നദ്ധത അറിയിച്ച്  ജൂണ്‍ അഞ്ചിന് ഡി.എം വിംസ് മാനേജിംഗ് ട്രസ്റ്റി ഡോ.ആസാദ് മൂപ്പന്‍ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍, കോളേജ് ഏറ്റെടുക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിച്ചത്.  

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ഡോ. വിശ്വനാഥന്റെ നേതൃത്വത്തില്‍ ഏഴു പേരടങ്ങുന്ന വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. സജീഷ്, ഡോ.കൃഷ്ണകുമാര്‍, കൊല്ലം മെഡിക്കല്‍ കോളേജിലെ ഡോ.അന്‍സാര്‍, ഗങടഇഘ ഡെപ്യൂട്ടി മാനേജര്‍ നരേന്ദ്രനാഥ്, ശ്രീകണ്‍ഠന്‍ നായര്‍, ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ അനില എന്നിവര്‍ അംഗങ്ങളാണ്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ആദിവാസികളും തോട്ടം തൊഴിലാളികളും സാധാരണക്കാരും ഭൂരിപക്ഷമുള്ള വയനാട്ടില്‍ വിദഗ്ധ ചികിത്സക്കായി മതിയായ സൗകര്യം ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നല്ലൊരു ആരോഗ്യ സംവിധാനം അനിവാര്യമായ സാഹചര്യത്തില്‍ കൂടിയാണ്  മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിന് പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.

date