പൂമാല ഗവ. ട്രൈബല്‍ സ്കൂള്‍; ജനകീയ വിദ്യാലയം @ 100 ശതമാനം
വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ മാതൃകകള്‍ രൂപപ്പെടുത്തി വിജയിപ്പിച്ച പൂമാല ഗവ. ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇത്തവണത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 55 വിദ്യാര്‍ഥികളും വിജയിച്ചതിലൂടെ ജനകീയ വിദ്യാഭ്യാസത്തില്‍ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഈ സ്കൂള്‍. ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. കഴിഞ്ഞ 10 - 15 വര്‍ഷങ്ങളായി സ്കൂള്‍ പി.ടി.എ. യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ വിജയം കൂടിയാണ് നൂറ് ശതമാനമെന്ന നേട്ടമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. 1956 ല്‍ തുടങ്ങി 65 ആം വയസിലേക്ക് കടക്കുന്ന ഈ വിദ്യാലയം ആദിവാസി സമൂഹത്തിന്റെയും പൂമാല പ്രദേശത്തിന്റെയും വികസനത്തിലും നേതൃത്വപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 'സമഗ്ര വിദ്യാഭ്യാസ വികസനം സാമൂഹ്യ പിന്തുണയോടെ' എന്ന ലക്ഷ്യമിട്ട് 2008 ല്‍ ആരംഭിച്ച കളിത്തട്ട് വിദ്യാ പദ്ധതി കുട്ടികളുടേയും സമൂഹത്തിന്റെയും സമഗ്ര വികസനം ലക്ഷ്യമിട്ടുള്ളതായിരുന്നു. കോവിഡ് കാലത്ത് ബദല്‍ വിദ്യാഭ്യാസ മാര്‍ഗമായി നടത്തുന്ന 'പ്രാദേശിക പഠനകേന്ദ്രങ്ങള്‍' പൂമാലയില്‍ 2008 മുതല്‍ തന്നെ ആരംഭിച്ചിരുന്നു. പ്രാദേശിക ജനതയുടെ ആവശ്യകത അന്നേ തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു ഇത്. പത്താം ക്ലാസിലെ കുട്ടികള്‍ക്കായി ആരംഭിച്ച ''രാത്രി വിദ്യാലയങ്ങള്‍, പ്രാദേശികോത്സവങ്ങള്‍, മികവുത്സവങ്ങള്‍, സുരക്ഷാ മാപ്പിങ്, പുസ്തക ബാങ്ക്, ഐ.ടി.സാക്ഷരത, ബാല സുരക്ഷ ലക്ഷ്യമാക്കി നടത്തിയ 'അരുത്' സുരക്ഷാ കാമ്പയിന്, മെന്റര്‍ മാപ്പിങ്, വിദ്യാ ഗ്രാമസഭകള്‍ തുടങ്ങി വിദ്യാലയവും സമൂഹവും ഒരുമിച്ച് ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ സ്കൂള്‍ സമൂഹത്തിന്റേതായി മാറുകയായിരുന്നു. മുന്‍ വര്‍ഷങ്ങളിലെ എസ്.എസ്.എല്‍.സി. വിജയശതമാനം പരിശോധിച്ചാല്‍ ഓരോ വര്‍ഷവും വിജയഗ്രാഫ് ഉയരുകയായിരുന്നുവെന്നാണ് കണക്കുകള്‍. വിദ്യാര്‍ഥികളുടെ പഠന കാര്യങ്ങള്‍ സുഗമമാക്കുന്നതിനായി വിദ്യാലയ പ്രവര്‍ത്തനത്തില്‍ സമൂഹം ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ ആ വിദ്യാലയം ജനായത്ത വിദ്യാലയമായി മാറുന്നു എന്നതാണ് പൂമാല സ്കൂളിന്റെ വിജയ രഹസ്യമെന്ന് അധ്യാപകരും രക്ഷിതാക്കളും കൂട്ടിച്ചേര്‍ത്തു.
- Log in to post comments