തൃശൂർ ഗവ. ലോ കോളേജിൽ പുനഃപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ പുനഃപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പഞ്ചവത്സര ബിബിഎ എൽ എൽ ബി ഓണേഴ്‌സ് കോഴ്‌സിലെ 3, 4, 6, 8, 10 സെമസ്റ്ററുകളിലെയും ത്രിവത്സര എൽഎൽബി യൂണിറ്ററി കോഴ്‌സിലെ 3, 4, 6 സെമസ്റ്ററുകളിലെയും ഒഴിവുള്ള സീറ്റിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. കോഴിക്കോട് ഗവൺമെന്റ് ലോ കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനുവേണ്ടി 13/7/2020ന് ഉച്ചതിരിഞ്ഞ് 3 മണി വരെ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷയോടൊപ്പം പ്ലസ്ടു / ഡിഗ്രി മാർക്ക്‌ലിസ്റ്റിന്റെയും, പ്രവേശന സമയത്ത് ലഭിച്ച അലോട്ട്‌മെന്റ് മെമ്മോ യുടെയും, അവസാനം എഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരി പകർപ്പുകൾ ഉണ്ടായിരിക്കേണ്ടതാണ്. പുനഃപ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്‌സിറ്റിയിൽ ആവശ്യമായ ഫീസ് അടച്ച് ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളേജിൽ പ്രവേശനം നേടേണ്ടതാണ്. കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ കോഴിക്കോട് ഗവ. ലോ കോളേജ് പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷയാണ് സമർപ്പിക്കേണ്ടത്.
പുന പ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ചശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളേജ് മാറ്റത്തിനുള്ള അപേക്ഷകൾ പരിഗണിക്കുകയുള്ളൂ എന്ന് തൃശൂർ ഗവ. ലോ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
- Log in to post comments