Skip to main content

കോവിഡ് 19: ജാഗ്രത ഉള്‍ക്കൊണ്ട് പോലീസ് പ്രവര്‍ത്തിക്കും

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായിട്ടുള്ള പുതിയ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ വ്യക്തമാക്കി. പത്തനംതിട്ട നഗരമധ്യത്തില്‍ ബേക്കറി നടത്തുന്ന കുലശേഖരപതി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകാതെ സൂക്ഷ്മതയോടെ നേരിടണമെന്നും ജില്ലാപോലീസ് മേധാവി ആവശ്യപ്പെട്ടു.  രോഗബാധിതനെന്നു സ്ഥിരീകരിച്ച ആളുടെ റൂട്ട് മാപ്പ്  പുറത്തുവിട്ടതിനു പിന്നാലെ ഇയാള്‍ സഞ്ചരിച്ചതും സന്ദര്‍ശിച്ചതുമായ ഇടങ്ങള്‍ കന്റെയിന്‍മെന്റ് സോണുകളായി ജില്ലാഭരണകൂടം പ്രഖ്യാപിച്ചതും പോലീസ് ഗൗരവതരമായി കണ്ടു പ്രവര്‍ത്തിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൂക്ഷ്മതയോടെ ഡ്യൂട്ടി നിര്‍വഹിക്കുകയും സുരക്ഷാമാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കുകയും വേണം. കന്റെയിന്‍മെന്റ് സോണിലെ യാത്രകള്‍ നിയന്ത്രിക്കും.  ജനങ്ങള്‍ക്ക്  എല്ലാ സഹായങ്ങളും എത്തിക്കാന്‍ പോലീസ് എപ്പോഴും സന്നദ്ധമായിരിക്കും. 

റിയാദില്‍നിന്നും വന്നു ക്വാറന്റീനില്‍ കഴിഞ്ഞുവന്നയാള്‍ പുറത്തിറങ്ങി പ്രശ്‌നമുണ്ടാക്കുകയും തുടര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇത്തരം ലംഘനങ്ങള്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍, ദുരന്തനിവാരണ നിയമം തുടങ്ങി എല്ലാവകുപ്പുകളും ചേര്‍ത്തു കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ് തുടങ്ങിയവയുമായി സഹകരിച്ചു കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി. 

ചെന്നൈയില്‍നിന്നും വന്ന് കലഞ്ഞൂര്‍ വീട്ടിലെത്തിയശേഷം ക്വാറന്റീനില്‍ കഴിഞ്ഞുവരവേ അതു ലംഘിച്ചു ഏഴാംമൈലില്‍ ഭാര്യാ സഹോദരന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍പോയ 40 കാരനെതിരെ കൂടല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇയാളെ ഏഴാംമൈലിലെ ഒരുവീട്ടില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് കമ്പത്തുനിന്നും പച്ചക്കറിയുമായിവന്ന പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ സാഹചര്യം നേരിടുമെന്നും അതിര്‍ത്തികടന്നുള്ള എല്ലാവാഹനങ്ങളുടെയും പരിശോധന കര്‍ശനമാക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

date