Skip to main content

മൈലപ്ര  പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 25.5 ലക്ഷം  രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

സംസ്ഥാന സര്‍ക്കാര്‍ മൈലപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം നടത്തി. 25.5 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.  സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 15.5 ലക്ഷം രൂപയും, എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയുമാണ് ഇതിനായി ചെലവഴിക്കുന്നത്. ഇതോട് അനുബന്ധിച്ചു ചേര്‍ന്ന യോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.

      ആശുപത്രിയില്‍ പുതിയതായി ലാബ്, വയോജന സൗഹൃദമായ റാമ്പ്, വിശ്രമസ്ഥലം തുടങ്ങിയവ നിര്‍മിക്കും. പ്രതിരോധ കുത്തിവയ്പ്പിന് പ്രത്യേക മുറിയും, ഒപി മുറികളുടെ നവീകരണവും നടപ്പാക്കുമെന്ന് എംഎല്‍എ പറഞ്ഞു. നവീകരണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ നിര്‍ദേശം നല്‍കി. ഇപ്പോള്‍ രണ്ടു ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ സേവനം അനുഷ്ടിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് കൂടുതല്‍ ഡോക്ടര്‍മാരുടെയും, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നിഷ്യന്‍, അഡീഷണല്‍ ഫാര്‍മസിസ്റ്റ് ഉള്‍പ്പടെയുള്ളവരുടെയും, ഇതര ജീവനക്കാരുടെയും പുതിയ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും  എംഎല്‍എ അറിയിച്ചു.

   പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂബി തോമസ്, കെ.ആര്‍.ഭാര്‍ഗവന്‍, ജോണ്‍, കെ. പി. രവി,  ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍,  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, എച്ച്എംസി അംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍ തനൂജ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  

date