നാട്ടിക കോട്ടൺമിൽ കെട്ടിടം കോവിഡ് കെയർ സെന്ററാകും: മന്ത്രി എ സി മൊയ്തീൻ
പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ ഉടമസ്ഥതയിലുളള നാട്ടിക കോട്ടൺമിൽ കെട്ടിടം കോവിഡ് കെയർ സെന്ററാക്കുന്നു. ഇതിന്റെ ഭാഗമായി സ്ഥലസൗകര്യങ്ങൾ പരിശോധിക്കാനും കാര്യങ്ങൾ വിലയിരുത്താനുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ജില്ലാ കളക്ടർ എസ് ഷാനവാസും കെട്ടിടം സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾക്കായി കെട്ടിടം വിട്ട് നൽകാനും ആവശ്യമായ സഹായങ്ങൾ ഒരുക്കാനും തയ്യാറാണെന്ന് എം എ യൂസഫലി സർക്കാരിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. കോട്ടൺമിൽ കെട്ടിടത്തിന്റെ വിശാലമായ സൗകര്യം പൂർണമായും കോവിഡ് കെയർ സെന്ററിനായി ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥസംഘവും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കോവിഡ് കെയർ സെന്ററിനുളള രൂപരേഖ ഉടൻ തയ്യാറാക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ആയിരത്തോളം കിടക്കകൾ ഒരുക്കാനുളള സൗകര്യങ്ങളും ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ മറ്റ് ജീവനക്കാർ എന്നിവർക്കാവശ്യമായ സൗകര്യവും കെട്ടിടസമുച്ചയത്തിലുണ്ടെന്ന് സംഘം വിലയിരുത്തി. ഇനിയങ്ങോട്ട് കൂടുതൽ കോവിഡ് കെയർ സെന്ററുകൾ വേണ്ടി വരുമെന്നാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ വിലയിരുത്തൽ. നാട്ടിക കോട്ടൺ മിൽ കെട്ടിടം പൂർണ്ണ സജ്ജമാവുന്നത്തോടെ ജില്ലയുടെ ആവശ്യം പൂർണ്ണമായും നിറവേറ്റാൻ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ശുഭപ്രതീക്ഷ. യുദ്ധകാലാടിസ്ഥാനത്തിൽ നാട്ടിക കോവിഡ് സെന്റർ ഒരുക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു.
ചാവക്കാട് തഹസിൽദാർ പി എസ് രാജേഷ്, ഡിപിഎം ഡോ. ടി വി സതീശൻ, ആർദ്രം മിഷൻ അസി. നോഡൽ ഓഫീസർ ഡോ. റാണ, തളിക്കുളം മെഡിക്കൽ ഓഫീസർ ചുമതലയുളള ഡോ. കേതുൽ, ലുലു ഗ്രൂപ്പ് പ്രതിനിധികളായ ഇഖ്ബാൽ ഹാരീസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രി എ സി മൊയ്തീനോടൊപ്പം ഉണ്ടായിരുന്നു.
- Log in to post comments