Skip to main content

ഇ @ മാരാരി ഓൺലൈൻ പഠന കേന്ദ്രം മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു 

 

ആലപ്പുഴ: ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള കരുത്ത് കേരളത്തിലെ യുവതലമുറയ്ക്കുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ.   ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ ഇ- @ മാരാരി പതിനാലാമത് ഓൺലൈൻ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധി ഘട്ടത്തെ എങ്ങനെ തരണം ചെയ്യാമെന്ന് എസ്എസ്എൽ സി പരീക്ഷയുടെ  ഉജ്ജ്വല വിജയത്തിലൂടെ പുതുതലമുറ കാട്ടിത്തന്നുവെന്ന് മന്ത്രി പറഞ്ഞു.  കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കുട്ടികളുടെ ഭാവിയെയും ഉന്നത പഠനത്തെയും ബാധിക്കാതിരിക്കാൻ കൃത്യ സമയത്ത് പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. കുട്ടികൾ നേടിയ ഈ വിജയം പൊതു വിദ്യാഭ്യാസ രംഗത്തിന്റെ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈൻ വിദ്യാഭ്യാസം കുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തിനും പൊതു വിദ്യാഭ്യാസ രംഗത്തിനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. 

 

എസ് എൽ പുരം വയലാർ രാമവർമ്മ സ്മാരക വായനശാലയിൽ നടന്ന ചടങ്ങിൽ എസ്എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 10000 രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്കും മന്ത്രി തിലോത്തമന് നൽകി. 

 

ചടങ്ങിൽ ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ടി മാത്യു അധ്യക്ഷത വാഹിച്ചു. കഞ്ഞിക്കുഴി പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ ചെയർമാൻ എസ് രാധാകൃഷ്ണൻ, വാർഡ്‌ അംഗം പൊന്നമ്മ പൊന്നൻ, യൂത്ത് കോർഡിനേറ്റർ അനിൽകുമാർ,  വായനശാല സെക്രട്ടറി ജോഷ്യ എസ് മാലൂർ, പ്രസിഡന്റ്‌ പി. ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.  

 

യുവശക്തി വായനശാല ഗ്രന്ഥ ശാലയിൽ ആരംഭിച്ച പതിമൂന്നാമത് ഓൺലൈൻ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ആര്യാട്‌ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഷീന സനൽകുമാർ നിർവഹിച്ചു. ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ. ടി മാത്യു പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. എസ് ജയ്മോഹൻ, വായനശാല സെക്രട്ടറി പി ടി ഷിജു തുടങ്ങിയവർ പങ്കെടുത്തു. 

 

നവരശ്മി ഓഡിറ്റോറിയത്തിൽ നടന്ന പതിനഞ്ചാമത് ഓൺലൈൻ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത്‌ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ. ടി മാത്യു നിർവഹിച്ചു. നവരശ്മി പ്രസിഡന്റ്‌ മാലൂർ ശ്രീധരൻ, വാർഡ്‌ അംഗം പൊന്നമ്മ പൊന്നൻ തുടങ്ങിയവർ പങ്കെടുത്തു. 

 

 

തുമ്പോളി കലാലയ വായനശാലയിലാണ് ആദ്യ ഓൺലൈൻ പഠന കേന്ദ്രം ജൂൺ മാസം ആരംഭിച്ചത്.  പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു പ്രവർത്തിക്കുന്ന പഠന കേന്ദ്രങ്ങളിൽ മാസ്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ് പോയിന്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. 

 

 

പ്രാദേശികമായി തിരഞ്ഞെടുത്തിട്ടുള്ള മെന്റർമാർ, ചേർത്തല, ആലപ്പുഴ വിദ്യാഭാസ വകുപ്പിലെ ബി ആർ സിയിൽ നിന്നും ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപകർ,  സി ആർ സി കോർഡിനേറ്റർമാർ തുടങ്ങിവരാണ് കുട്ടികളുടെ സംശയ നിവാരണത്തിനും അധിക പഠനത്തിനുമായി നേതൃത്വം കൊടുക്കുന്നത്. വിക്റ്റേഴ്സ് ചാനലിലെ ടൈം ടേബിളിനു പുറമെ കലവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയിട്ടുള്ള ഇന്ററാക്ടിവ് സ്റ്റുഡിയോ വഴി വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ക്ലാസ്സുകളും  വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നുണ്ട്.

date