കിഫ്‌ബി ധനസഹായത്തോടെ സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി
ആലപ്പുഴ:സംസ്ഥാന ഫിഷറിസ് വകുപ്പ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ തീരദേശജില്ലകളിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. വീഡിയോ കോൺഫറൻസ് മുഖന്തിരം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ ജില്ലയിൽ വിവിധ മണ്ഡലങ്ങളിലായി 5 സ്കൂളുകൾക്കായി 8.38 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്കൂളിലും വിദ്യാർഥികളുടെ അനുപാതികാടിസ്ഥാനത്തിൽ ക്ലാസ്സ്മുറികൾ, സ്റ്റാഫ് മുറികൾ, ലാബുകൾ, ശുചിമുറികൾ എന്നിവ ഒരുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ സ്കൂളിലും ഒത്തുചേർന്ന് നിർമാണ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
പദ്ധതി നടപ്പിലാക്കുന്ന കാർത്തികപ്പള്ളി ഗവ. യു. പി സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചേർന്ന ഉദ്ഘാടന യോഗത്തിന് എസ് എം സി അംഗം സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഭാമിനി എൻ ശിലാഫലകം അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. 2.01 കോടി രൂപ മുടക്കി 11 ക്ലാസ് മുറികൾ, 1 സയൻസ് ലാബ്, 1 കമ്പ്യൂട്ടർ റൂം, 1 ലൈബ്രറി കം റീഡിംഗ് റൂം , 4 ടോയ് ലറ്റ്, യൂറിനൽ ,വാഷിംഗ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടമാണ് നിർമിക്കുന്നത്. പ്രഥമാദ്ധ്യാപകൻ ശിവദാസ്. ജെ സ്വാഗതം പറഞ്ഞ യോഗത്തിൽ ചിങ്ങോലി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീല കെ, ഹരികുമാർ.ജി, രാജി, അശ്വതി തുളസി, കെ.എസ്.സി.എ. ഡി.സി ഓവർസീയർ സുജിത്ത് ലാൽ , എച്ച്.എം. ഫോറം കൺവീനർ ശ്രീ. നാഗദാസ് . എസ് , അദ്ധ്യാപകരായ ശ്രീമതി മറിയാമ്മ. എസ് , ശ്രീ രമേഷ്.ആർ, മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു.
പദ്ധതി നടപ്പാക്കുന്ന കുട്ടനാട് തകഴി മെമ്മോറിയൽ സ്കൂളിലെ യോഗത്തിൽ കായംകുളം എം എൽ എ യു പ്രതിഭ മുഖ്യതിഥിയായിരുന്നു . തുടർന്ന് നടന്ന യോഗത്തിന് എസ്.എം. സി. ചെയർമാൻ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.തകഴി പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു ചടങ്ങിൽ ശിലാഫലകം അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. 90.38 ലക്ഷം രൂപ മുടക്കി 4 ക്ലാസ് മുറികൾ, 1 സയൻസ് ലാബ്, 1 കമ്പ്യൂട്ടർ റൂം, 1 ലൈബ്രറി കം റീഡിംഗ് റൂം , യൂറിനൽ എന്നിവ ഉൾക്കൊള്ളുന്ന ഒറ്റനില കെട്ടിടമാണ് നിർമിക്കുന്നത്. പ്രഥമാദ്ധ്യാപിക ഗീതാകുമാരി ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമ ബിജു, ബ്ലോക്ക് ഡിവിഷൻ മെമ്പർ കെ പ്രകാശൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി സിൻഡ്രല്ല തുടങ്ങിയവർ പങ്കെടുത്തു.
കിഫ്ബി ധനസഹായത്തോടെ ആര്യാട് നോർത്ത് ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളിന് പുതിയ കെട്ടിടം. സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എ ഇ ഒ മധുസൂദനൻ നായർ, വാർഡ് അംഗം സുധർമ്മ രാജേന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു ലളിതമായി പരിപാടിയിൽ ഉദ്ഘാടനചടങ്ങ് ഓൺലൈൻ ആയി പ്രദർശിപ്പിച്ചു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. സന്തോഷ്, മുൻ എച്ച്. എം ഷാജി, പി ടി എ പ്രസിഡന്റ് അജയഘോഷ് തുടങ്ങിയവർ പങ്കെടുത്തു.
ഹരിപ്പാട് മണ്ഡലത്തില്‍ കാര്‍ത്തികപ്പള്ളി ഗവണ്‍മെന്‍റ് അപ്പര്‍ പ്രൈമറി സ്കൂള്‍-2,0121312 രൂപയും കുട്ടനാട് തകഴി മെമ്മോറിയല്‍ ഗവണ്‍മെന്‍റ് അപ്പര്‍ പ്രൈമറി സ്കൂള്‍ 90,37779-രൂപയും, കുട്ടനാട് വീയപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍- 1,62,19758 രൂപയും ആര്യാട് നോര്‍ത്ത് ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്കൂള്‍-85,13593 രൂപയും അരൂര്‍ കോടംതുരുത്ത് ഗവണ്‍മെന്റ് ഹൈസ്കൂള്‍- 2,99,34373 രൂപയും ഈ പദ്ധതി വഴി അനുവദിച്ചിട്ടുണ്ട്.
- Log in to post comments