Skip to main content

മഴക്കാലമുന്നൊരുക്കങ്ങൾ പൂർത്തിയാക്കി കണയന്നൂർ താലൂക്ക്

    എറണാകുളം: മഴക്കാല അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതൽ നടപടികൾ പൂർത്തിയാക്കി കണയന്നൂർ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മോക്ക്ഡ്രിൽ ദുരിതമുഖത്തെ ഭരണയന്ത്രത്തിന്റെ പഴുതടച്ച ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതായിരുന്നു.
     വികേന്ദ്രീകൃത രീതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ഇക്കുറി ജില്ലാഭരണകൂടം ആവിഷ്കാരം നൽകിയിരുന്നത്. അപ്രതീക്ഷിതമായെത്തിയ കോവിഡ് - 19 രോഗവ്യാപന സാധ്യതകൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പൊതുജന പങ്കാളിത്തം ഒഴിവാക്കിയാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചത്.
          തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ 19ാം ഡിവിഷനിലായിരുന്നു മോക്ക്ഡ്രിൽ. ഇതിന്റെ ഭാഗമായി ജില്ല അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ നിന്നുള്ള സന്ദേശം ഉച്ചയ്ക്ക് 12 മണിക്ക് താലൂക്ക് കൺട്രോൾ റൂമിൽ ലഭിച്ചു. ഉച്ചയ്ക്ക് ഒരുമണിക്ക് മുൻപായി നിശ്ചയിച്ച രീതിയിൽതന്നെ 'ദുരിതമുഖത്ത്' നിന്നുള്ള ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കി.
      രോഗലക്ഷണങ്ങൾ ഉള്ളവർ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ക്വാറന്റീനിൽ കഴിയുന്നവർ, കുടിയേറ്റ തൊഴിലാളികൾ, പൊതുവിഭാഗത്തിലുള്ളവർ എന്നിങ്ങനെ അഞ്ച് വിഭാഗം ആളുകൾക്കായി സജ്ജീകരിച്ച വ്യത്യസ്ത ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ഇവരെ മാറ്റിപാർപ്പിച്ചത്. റെവന്യൂ വകുപ്പ്, പോലീസ്, ആരോഗ്യ വകുപ്പ്, ഫയർഫോഴ്സ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആർ.ടി.ഒ എന്നീ വകുപ്പുകൾക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനാ പ്രവർത്തകരും മോക്ക്ഡ്രില്ലിൽ പങ്കാളികളായി.
          താലൂക്ക് റെസ്പോൺസ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ എം.വി സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മോക്ക്ഡ്രിൽ അവലോകന യോഗത്തിൽ തഹസീൽദാർ ബീന പി. ആനന്ദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date