ഹോസ്റ്റലിലെ ട്രീറ്റ്മെന്റ് സെന്ററില്‍ കലക്ടറുടെ സന്ദര്‍ശനം: കോവിഡിനോട് പോരാടാന്‍ മനോവീര്യം പകര്‍ന്ന് മടക്കം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തമായി തുടരുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മനോവീര്യം പകര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ സന്ദര്‍ശനം. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായാണ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറെത്തിയത്. ഇന്നലെ (ജൂലായ് 15) 10.30ഓടെ സര്‍വകലാശാല വനിത ഹോസ്റ്റലില്‍ എത്തിയ ജില്ലാ കലക്ടര്‍ സമയബന്ധിതമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സൗകര്യമൊരുക്കിയ ആരോഗ്യ പ്രവര്‍ത്തകരെയും ട്രൊമ കെയര്‍ വളണ്ടിയര്‍മാരെയും ഹോസ്റ്റല്‍ ജീവനക്കാരെയും അഭിനന്ദിച്ചു. സര്‍വകലാശാല ക്യാമ്പസിലെ വനിത ഹോസ്റ്റല്‍ ജനസാന്നിധ്യം കുറഞ്ഞ മേഖലയിലായതിനാല്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും ജില്ലാകലക്ടര്‍ വ്യക്തമാക്കി.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും സഹകരണവും പിന്തുണയും നല്‍കണമെന്നും ചിട്ടയായ പ്രവര്‍ത്തനം ജില്ലയില്‍ തുടരുന്നതിനാല്‍ ഭയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസ്ക് കൃത്യമായി ധരിച്ചും സാമൂഹിക അകലം പാലിച്ചും കരുതല്‍ തുടരണമെന്നും കലക്ടര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാക്കിയ വനിത ഹോസ്റ്റലിലെ 'പാരിജാതം ' കെട്ടിട സമുച്ചയത്തിലായിരുന്നു ജില്ലാ കലക്ടറുടെ ആദ്യ സന്ദര്‍ശനം. പിന്നീട് 'മുല്ല' എന്ന പേരുള്ള കെട്ടിടസമുച്ചയത്തിലും ജില്ലാ കലക്ടര്‍ സന്ദര്‍ശനം നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ഇവിടങ്ങളിലെല്ലാം വിവിധ ചുമതലകളിലുള്ളവരുമായി വിശദമായി ആശയ വിനിമയം നടത്തിയ അദ്ദേഹം മണിക്കൂറുകളോളം സമയം ചെലവഴിച്ചാണ് മടങ്ങിയത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.സി.എല്‍ ജോഷി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍, ജില്ലാ മാസ്മീഡിയ ഓഫീസര്‍ പി.രാജു, ടെക്നിക്കല്‍ അസിസ്റ്റന്റ് യു.കൃഷ്ണന്, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ.ഫിറോസ് ഖാന്, മഞ്ചേരി മെഡിക്കല്‍ കോളജ് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍കലാം, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, തേഞ്ഞിപ്പലം പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സരിത, പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജി അറയ്ക്കല്‍, നെടുവ സിഎച്ച് സിയിലെ ഡോ.പി രഞ്ജിത്ത്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കൊവിഡ് ലെയ്സണ്‍ ഓഫീസര്‍ ഡോ. അബൂബക്കര്‍ തുടങ്ങിയവര്‍ ജില്ലാ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
- Log in to post comments