ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ക്ക് ഹൈക്കോടതി അനുമതി
ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ ഈ വര്‍ഷം തന്നെ തുടങ്ങുന്നതിന് ദേശീയപാത അതോറിറ്റിയില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്. നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുന്നതിന് മുമ്പായി ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിയ്ക്ക് കൈമാറണം. ദേശീയ പാത നഷ്ടപരിഹാര വിതരണം സംബന്ധിച്ച എല്ലാവിധ തടസ്സങ്ങളും നീങ്ങിയതായും കലക്ടര്‍ അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമിയ്ക്കും, കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുളള എല്ലാ നിര്‍മിതികള്‍ക്കും, മരങ്ങള്‍ക്കും, കാര്‍ഷിക വിളകള്‍ക്കും 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പട്ടിക ഒന്ന് പ്രകാരം കണക്കാക്കുന്ന നഷ്ടപരിഹാരം അനുവദിക്കും. പട്ടിക രണ്ട് പ്രകാരം പുനരധിവാസത്തിനുളള സാമ്പത്തിക സഹായവും നല്‍കും. നഷ്ടപരിഹാരതുക ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ടില്‍ എത്തിയതിനുശേഷം മാത്രമേ സ്ഥലം കൈമാറാനുളള ഉത്തരവ് ഉടമകള്‍ക്ക് നല്‍കുകയുളളൂ. നഷ്ടപരിഹാരം നിര്‍ണയിക്കുന്നതിനായി ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കെട്ടിടങ്ങള്‍ വീണ്ടും അളന്ന് കൃത്യത ഉറപ്പ് വരുത്തുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മാസ്‌ക് ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചും മൂന്നോ നാലോ ഉദ്ദ്യേഗസ്ഥര്‍ മാത്രമാണ് അളക്കുന്നതിന് കോമ്പൗണ്ടില്‍ പ്രവേശിക്കുക. അളവെടുക്കുന്നതിന് ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളില്‍ മാത്രമേ കെട്ടിടത്തിന്റെ അകത്ത് പ്രവേശിക്കുകയുളളൂ. അതിനുള്ള അനുമതി ഹൈക്കോടതി നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ജോലിയുടെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെയ്യുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ടവര്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
- Log in to post comments