Skip to main content

പുനരധിവസിപ്പിച്ചവർക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കി ജില്ലാ ഭരണകൂടം

 

 

 

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ തെരുവുകളിൽ കഴിഞ്ഞിരുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഉദയം പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തി ജില്ലാ ഭരണകൂടം.  

സാമൂഹികമായും മാനസികമായും തൊഴിൽപരമായും  മെച്ചപ്പെട്ട ജീവിതം നേടിയെടുക്കാൻ ഇവർക്ക് സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച 'ഉദയം പദ്ധതി' പ്രകാരം ജില്ലാ ഭരണകൂടം നിരവധി പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.

ഇവർക്ക് തൊഴിൽ സംരക്ഷണം ഉറപ്പു വരുത്താനുള്ള നീക്കങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചു.
പുനരധിവസിപ്പിച്ചവർക്ക് തൊഴിൽ ലഭ്യമാക്കുന്നതു  സംബന്ധിച്ച്  അധികൃതർ പത്രപ്പരസ്യം നൽകിയിരുന്നു. ഇതേ തുടർന്ന്  വീട്ടു ജോലി,പാചകം, തെങ്ങുകയറ്റം, ഡ്രൈവിങ് , ക്ലീനിങ് ,  ഇലക്ട്രിക്ക് വർക്ക്, പ്ലംബിംഗ്, കാർഷികജോലി തുടങ്ങിയവ ചെയ്യുന്ന തൊഴിലാളികളെ ആവശ്യപ്പെട്ട്  ധാരാളം ആളുകൾ ബന്ധപ്പെട്ടു.

 യോജ്യരായ  ജോലിക്കാരെ അന്തേവാസികളിൽനിന്നും തിരഞ്ഞെടുക്കാനും തൊഴിൽ ഏല്പിക്കാനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ ഒരൊറ്റ വ്യക്തിപോലും തെരുവിൽ കഴിയേണ്ടി വരരുത് എന്ന ഉദ്ദേശ്യം മുന്നോട്ടുവച്ച് 'നടപ്പാക്കുന്ന പദ്ധതിയിലൂടെ കോവിഡ് 19 പ്രതിരോധിക്കുന്നതോടൊപ്പം മനുഷ്യാവകാശ സംരക്ഷണം, സാമൂഹ്യനീതി, മാനസിക-സാമൂഹിക-തൊഴിൽപരമായ പുനരധിവാസം എന്നിവ ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ജില്ലാ ഭരണകൂടം, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോർപറേഷൻ, സാമൂഹ്യനീതി വകുപ്പ് എന്നിവ സംയുക്തമായി 'തണൽ' എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ്  പദ്ധതി നടപ്പിലാക്കുന്നത്.  

300 നു മുകളിൽ അംഗങ്ങളോടെ കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്ന് സോഷ്യൽ ജസ്റ്റിസ് കോംപ്ലസ് , ഈസ്റ്റ് ഹിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ക്യാമ്പസ് , മാങ്കാവിലെ ഉദയം ഹോം എന്നിവിടങ്ങളിൽ 'ഉദയം ഹോമുകൾ' ആരംഭിച്ചു.

ഡെപ്യൂട്ടി കളക്ടർ ഹിമ കെ , ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ സി. കെ.ഷീബ മുംതാസ്, ഇൻഹാൻസ് -ലെ  സൈക്കിയാട്രിക് സോഷ്യൽ വർക്കർ ഡോ.സി രാഗേഷ്,  കേസ് മാനേജർ പി എം ആവണി  എന്നിവരാണ്  നേതൃത്വം നൽകുന്നത്.  രാവിലെ 10 മുതൽ വൈകിട്ട് മൂന്നു മണി വരെ  9207391138 നമ്പറിൽ സേവനം ലഭിക്കും.

date