ജനകീയ സഹകരണത്തോടെ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രം മലപ്പുറം ഗവ.കോളജില്‍ സജ്ജമായി
സഹായഹസ്തങ്ങളുമായി നിരവധി സന്നദ്ധ സംഘടനകളും
സ്ഥാപനങ്ങളും
മലപ്പുറം നഗരസഭയുടെ ആദ്യ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രം ജനകീയ പിന്തുണയോടെ മലപ്പുറം ഗവ.കോളജില്‍ സജ്ജമായി. ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രത്തിലേക്കാവശ്യമായ സാധന സാമഗ്രികള്‍ നല്കി സഹായിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച്.ജമീല ടീച്ചര്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ മലപ്പുറം ഗവ.കോളജില്‍ വച്ച് സാധനങ്ങള്‍ കെമാറി. ജില്ലയിലെ മഅദിന്‍ ക്യാമ്പസ് 90 കട്ടിലുകളാണ് ചികിത്സാകേന്ദ്രത്തിലേക്ക് കൈമാറിയത്. കൂടാതെ വി.കെ.സി. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 75 കിടക്ക, തലയണ, ബെഡ്ഷീറ്റ് എന്നിവയും സന്നദ്ധ സംഘടനയായ നൗഷാദ് അസോസിയേഷന് ബെഡ്ഷീറ്റ്, ബക്കറ്റ്, മഗ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങിയവയും വസ്ത്രവ്യാപാര സ്ഥാപനമായ പ്രീതി സില്‍ക്ക്സ് 50 വിരികളും 50 തലയണകളുമാണ് കൈമാറിയിട്ടുള്ളത്
120 ബെഡുകളാണ് കോളജില്‍ സജ്ജമാക്കിയിട്ടുള്ളത്. ഗവ.കോളജിലെ ക്ലാസ് റൂമുകളും ഓഡിറ്റോറിയവുമാണ് ചികിത്സാ കേന്ദ്രമായി ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ സാധനങ്ങള്‍ ആവശ്യമായി വരികയാണെങ്കില്‍ നഗരസഭ നേരിട്ട് എത്തിച്ച് നല്‍കുമെന്ന് നഗരസഭാ അധികൃതര്‍ അറയിച്ചു. കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും നഴ്സ്മാരുടേയും പാരാമെഡിക്കല്‍ അംഗങ്ങളുടെ സേവനവുമാണ് ചികിത്സാ കേന്ദ്രത്തില്‍ ലഭ്യമാകുക. ഇവര്‍ക്കു പുറമെ മെഡിക്കല്‍ സംബന്ധമായ കോഴ്സുകള്‍ പൂര്‍ത്തിയായവരുടെ സേവനവും ഉള്‍പ്പെടുത്തും. നഗരസഭാ സ്ഥിരം സമിതി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments