Skip to main content

മാര്‍ക്കറ്റുുകള്‍ പ്രവര്‍ത്തിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നഗരസഭകള്‍ തയ്യാറാക്കണം-ജില്ല കളക്ടര്‍

 

ആലപ്പുഴ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവരവരുടെ പരിധിയിലെ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (എസ്.ഒ.പി.) തയ്യാറാക്കണമെന്ന് ജില്ല കളക്ടര്‍. എസ്.ഒ.പി തയ്യാറാക്കിയ ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ അതത് നഗരസഭാ സെക്രട്ടറി മാരെ ചുമതലപ്പെടുത്തി. ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

മാര്‍ക്കറ്റുകളില്‍ മൂന്ന് ഷിഫ്റ്റുകളിലായി സന്നദ്ധ സേവകരുടെ പ്രവര്‍ത്തനം ഉറപ്പാക്കണം. മാര്‍ക്കറ്റിലേക്ക് സാധനവുമായെത്തുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും ചില്ലറ വിപണനക്കാര്‍ക്ക് എത്തുന്നതിനും പൊതുജനങ്ങള്‍ക്കുള്ള പ്രവേശനത്തിനും പ്രത്യേകം സമയം അനുവദിക്കണം. മാര്‍ക്കറ്റുകളിലേക്കെത്തുന്ന ദീര്‍ഘദൂര ലോറികളുടെ ഡ്രൈവര്‍ അടക്കമുള്ള ജോലിക്കാര്‍ക്ക് പ്രത്യേകം ശുചിമുറി സൗകര്യം, വിശ്രമ സ്ഥലം എന്നിവയും ഒരുക്കണം. ഓരോ ദിവസവും മാര്‍ക്കറ്റില്‍ പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം ക്രമീകരിക്കണം. ഇതെല്ലാം ഉള്‍പ്പെടുന്ന എസ്.ഒ.പി.യാണ് നഗരസഭ അധികാരികള്‍ ജില്ല കളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും മാര്‍ക്കറ്റുകളുടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ല പോലീസ് മേധാവി പി.എസ്. സാബു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

 

--

date