വനിതാ ദിനത്തില്‍ കുടുംബശ്രീയുടെ ടോക്ക് ഷോ
വനിതാ ദിനത്തില്‍ കുടുംബശ്രീ മിഷന് സംഘടിപ്പിച്ച പ്രതിധ്വനി എന്ന ടോക് ഷോ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ററാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹാജറുമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഓഖി പുനരധിവാസത്തിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ നല്കിയ സേവനങ്ങള്‍ പ്രശംസനീയമാണെന്ന് ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ സി. കെ ഹേമലത പറഞ്ഞു. 32 ലക്ഷം രൂപ വിലവരുന്ന ഭക്ഷ്യ വസ്തുക്കള്‍ ജില്ലയിലെ ഓഖി ദുരിതമുണ്ടായ 10 മേഖലകളില്‍ വിതരണം ചെയ്യാന്‍ കുടുംബശ്രീക്കു സാധിച്ചതായും അവര്‍ പറഞ്ഞു.
മെയ് 17 നു നടക്കുന്ന കുടുംബശ്രീ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി ജില്ലയില്‍ ശുചിത്വ മിഷന്, ഹരിത കേരള മിഷന് എന്നിവയുടെ സഹകരണത്തോടെ 50,000 ഹരിത ഭവനങ്ങളും 100 ഹരിത സി.ഡി.എസുകളും ഉണ്ടാക്കിയെടുക്കാന്‍ കുടുംബശ്രീക്ക് പദ്ധതിയുണ്ട്. ഇതിനായി വിവിധ ചോദ്യാവലികള്‍ അടങ്ങുന്ന തനിമ അഥവാ തനി മലപ്പുറം എന്ന മൊബൈല്‍ ആപ്പ് രൂപീകരിച്ചിട്ടുണ്ട്. ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം, കൃഷി, കൃഷിഭൂമിയുടെ ഉപയോഗം, മാലിന്യ സംസ്ക്കരണം എന്നീ മേഖലകളില്‍ നിന്നാണ് ചോദ്യാവലികള്‍ തയ്യാറാക്കിയിട്ടുള്ളത്. അയല്‍കൂട്ടങ്ങളെ നാലോ അഞ്ചോ കുടുംബങ്ങള്‍ അടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് മൊബൈല്‍ ആപ്പിലുള്ള ചോദ്യാവലികള്‍ വീടുകളില്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ എല്ലാവീടുകളെയും ഹരിത ഭവനങ്ങളാക്കി മാററുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം.
തുടര്‍ന്ന് നടന്ന ടോക്ക് ഷോയില്‍ 11 വനിതകള്‍ അവര്‍ ജീവിച്ചു വന്ന സാഹചര്യങ്ങളെക്കുറിച്ചും കുടുംബശ്രീയിലൂടെ അവര്‍ നേടിയെടുത്ത നേട്ടങ്ങളെക്കുറിച്ചും സംസാരിച്ചു. ടോക്ക് ഷോയില്‍ സമ്മാനാര്‍ഹരായ കാളികാവിലെ രംഗശ്രീ ട്രൂപ്പിലെ കലാമണി, തെന്നലയിലെ അഗ്രോ പ്രൊഡക്ട്സ് കമ്പനി ഉടമയായ യാസ്മിന് എന്നിവരെ സംസ്ഥാന മത്സരങ്ങളിലേക്ക് തിരഞ്ഞെടുത്തു.
- Log in to post comments