ലൈഫ് മിഷന് 2020; 2017 ല്‍ വിട്ടു പോയിട്ടുള്ളയാളുകള്ക്കും ശേഷം അർഹത നേടിയിട്ടുള്ളവര്‍ക്കും അവസരം
ലൈഫ് മിഷന് 2020; 2017 ല്‍ വിട്ടു പോയിട്ടുള്ളയാളുകള്ക്കും
ശേഷം അർഹത നേടിയിട്ടുള്ളവര്‍ക്കും അവസരം
ആലപ്പുഴ: ലൈഫ് മിഷന് 2017ല്‍ തയ്യാറാക്കിയ ലിസ്റ്റിൽ നിന്നും വിട്ടു പോയിട്ടുള്ള ആളുകളെയും അതിനുശേഷം അർഹത നേടിയിട്ടുള്ള ആളുകളെയും ചേർക്കുന്നതിന് വേണ്ടിയിട്ടാണ് ലൈഫ് മിഷന് 2020 എന്ന അപേക്ഷ വിളിച്ചിരിക്കുന്നത്. 2017 ല്‍ ഭൂമിയുള്ള ഭവനരഹിതരുടെയുംഭൂ രഹിത ഭവനരഹിതരുടെയും രണ്ടു ലിസ്റ്റുകളാണ് തയ്യാറാക്കിയത്. അതില്‍ ഭുമിയുള്ള ഭവനരഹിതരുടെ പട്ടികയില്‍ അന്നത്തെ മാനദണ്ഡം വെച്ച് അർഹരായിട്ടുള്ള എല്ലാവർക്കും തന്നെ വീട് ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ ലിസ്റ്റിൽ റേഷൻ കാർഡ് 2017 ന് ശേഷം കിട്ടിയവര്‍, അന്നത്തെ വീടുണ്ടായിരുന്നത് ജീർണിച്ച് തീർത്തും വാസയോഗ്യമല്ലാത്തതായി മാറിയിരിക്കുന്നവര്‍ ആയിട്ടുള്ള ആളുകള്‍ ആ ലിസ്റ്റിൽ ഉണ്ടെങ്കിലും ഇപ്പോൾ പുതിയ മാനദണ്ഡപ്രകാരം അപേക്ഷിക്കാൻ അര്‍ഹരാണെങ്കില്‍ പുതുതായി അപേക്ഷ നൽകണം. ഭൂരഹിത ഭവന രഹിതരുടെ പട്ടികയുടെ കാര്യത്തിൽ
കഴിഞ്ഞ മാസങ്ങളിൽ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രേഖകൾ നൽകി അർഹത തെളിയിച്ചിട്ടുള്ള ആൾക്കാർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവരുടെ കാര്യത്തില്‍ ഭൂമിയും വീടും ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ വർഷം നടന്നുകൊണ്ടിരിക്കുന്നതാണ്. അവർ വീണ്ടും അപേക്ഷിക്കണമെന്നില്ല. പട്ടികജാതി പട്ടികവർഗ്ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ വകുപ്പുകള്‍ ലൈഫ് ലിസ്റ്റില്‍ നിന്ന് വിട്ടുപോയിട്ടുള്ള ആളുകളുടെ ഒരു പട്ടിക തയ്യാറാക്കി നല്‍കുകയും അത് പഞ്ചായത്തുകളിലും നഗരസഭകളിലും പരിശോധനക്കുശേഷം ഇപ്പോൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആ പട്ടികയിലുള്ള ആളുകളും ഈ ലൈഫ് 2020 യിലേക്ക് പുതുതായി അപേക്ഷിക്കേണ്ട കാര്യമില്ല.
- Log in to post comments