കോവിഡ്- 19 ആയുർവേദ പ്രതിരോധപദ്ധതികളുമായി ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ്
ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തില് ആയുർ രക്ഷാക്ലിനിക്കുകളിലൂടെ ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന ആയുർവേദപദ്ധതികളായ അമൃതം, പുനർജനി , സ്വാസ്ഥ്യം , സുഖായുഷ്യം എന്നിവയ്ക്ക് ജില്ലയിൽ ആവശ്യക്കാരേറുന്നു.
അമൃതം പദ്ധതി
ഭാരതീയചികിത്സാവകുപ്പ് വിഭാവനംചെയ്ത കോവിഡ് 19 പ്രതിരോധപരിപാടിയായ അമൃതംപദ്ധതിപ്രകാരം ജില്ലയിൽ നിരീക്ഷണത്തിലുള്ള 17966 പേർക്ക് സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആയുർവേദ മരുന്നുകൾ നൽകുകയുണ്ടായി. ജില്ലാ ഭാരതീയചികിത്സവകുപ്പ്, ജില്ലാആയുർവേദകോവിഡ് റെസ്പോൺസ് സെല്ലും ചേർന്നാണ് ഈ സംരംഭം വിജയകരമായി നടത്തിക്കൊണ്ടുപോകുന്നത്. വിദേശത്തുനിന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വന്നവർക്കും , കോവിഡ് രോഗികളുമായി സമ്പർക്കംവന്നവരും ആയ വ്യക്തികൾക്കും ആണ് ഈ പദ്ധതിയിലൂടെ മരുന്ന് നൽകുന്നു.
"അതിജീവനത്തിന് പുനർജനി "
കോവിഡ്19 രോഗമുക്തരായവ്യക്തികൾക്ക് പൂർണ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള സൗജന്യആയുർവേദചികിത്സാപദ്ധതിയാണ് പുനർജനി. ശാരീരികവും മാനസികവുമായ ആരോഗ്യം വിഭാവനചെയ്യുന്ന ഈപദ്ധതിയിൽ ശരീരത്തിലെ സ്വാഭാവിക പ്രതിരോധശേഷി വീണ്ടെടുക്കാനുള്ള മരുന്നുകളും രസായന ചികിത്സയും ജീവിതശൈലി ക്രമീകരണങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. എല്ലാ സർക്കാർആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലും ഈ പദ്ധതി പ്രകാരം ഉള്ള സേവനങ്ങൾ ലഭ്യമാകും. നിലവിൽ ആലപ്പുഴ ജില്ലയിൽ 103 പേർക്ക് പുനർജനി പ്രകാരം ഔഷധങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
സ്വാസ്ഥ്യം
60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് അവരുടെ സ്വാഭാവിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർപദ്ധതിയാണ് സ്വാസ്ഥ്യം. ആയുർവേദമരുന്നുകളിലൂടെയും ലഘുവ്യായാമങ്ങളിലൂടെയും ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തി ആരോഗ്യം ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ ആരോഗ്യപ്രവർത്തകർ പോലീസുകാർ എന്നിവരെയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിപ്രകാരം ആലപ്പുഴ ജില്ലയിൽ 43960 പേർക്ക് മരുന്ന് നൽകിയിട്ടുണ്ട്.
സുഖായുഷ്യം
അറുപതുവയസ്സിനുമേൽ പ്രായമുള്ളവരുടെ നിലവിലെ ആരോഗ്യസ്ഥിതിയും മറ്റു രോഗങ്ങളുടെചികിത്സയും പരിഗണിച്ചുകൊണ്ട് സ്വാഭാവികരോഗപ്രതിരോധശേഷിവർദ്ധിപ്പിച്ച് സുരക്ഷിതമായ അവസ്ഥയിൽ ആരോഗ്യം നിലനിർത്തുന്നതിനുള്ള സർക്കാർആരോഗ്യപദ്ധതിയാണ് സുഖായുഷ്യം. ഈ പദ്ധതിപ്രകാരം ആലപ്പുഴജില്ലയിൽ 26864 പേർക്ക് സേവനം ലഭ്യമാക്കി .
സാമൂഹികവ്യാപനം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ വിവിധ പദ്ധതികളിലൂടെ ഏവരുടെയും സുരക്ഷഉറപ്പാക്കികൊണ്ട് ഡോക്ടർമാരുടെ വിദഗ്ധചികിത്സാസേവനം ലഭ്യമാക്കുന്നതിന് വേണ്ടി ടെലി മെഡിസിൻ(8281377994) മാനസികസമ്മർദ്ദം അനുഭവിക്കുന്ന വ്യക്തികൾക്കു വേണ്ടി ടെലി കൗൺസിലിംഗ് ( 9747082571), ഗർഭിണികൾക്കും അമ്മമാർക്കുമുള്ള ടെലി കൺസൾട്ടേഷൻ വിവിധ യോഗപരിശീലന പരിപാടികൾ, ഔഷധമൂല്യമുള്ള ഭക്ഷണങ്ങളുടെ പരിചയം എന്നിങ്ങനെ ഭാരതീയ ചികിത്സാവകുപ്പ് ജനങ്ങളോടൊപ്പം ജനങ്ങൾക്കായി സന്നദ്ധമാണെന്ന് ഭാരതീയചികിത്സവകുപ്പ് ജില്ലാമെഡിക്കൽഓഫീസർ ഡോ. എസ്. ഷീബ അറിയിച്ചു.
- Log in to post comments