40 ക്യാമറകൾ പ്രവർത്തനമാരംഭിച്ചു സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി ജി.സുധാകരന് ഓണ്‍ലൈനായി നിര്‍വഹിച്ചു
ദേശിയ പാതയിൽ കളർകോട് മുതൽ കൊട്ടാരവളവ് വരെ
ആലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ അപകടരഹിത -മാലിന്യരഹിത അമ്പലപ്പുഴ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ സ്വിച്ച് ഓൺ കർമം വീഡിയോ കോൺഫറൻസിലൂടെ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു.അഞ്ചു വർഷത്തിനുള്ളിൽ വിവിധ നൂതന പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു നടത്തിയത് പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നാട്ടുകാരുടെ സഹകരണവും ആവശ്യമാണ്. പദ്ധതികൾ നടപ്പിലാക്കാൻ പഞ്ചായത്ത് കാണിക്കുന്ന ആത്മാർത്ഥത പോലെ തന്നെ അതൊക്കെ നല്ല രീതിയിൽ പ്രവർത്തിപ്പിക്കാൻ നാട്ടുകാരുടെ സഹായവും അത്യാവശ്യമാണ്. സംരക്ഷണബോധം നാട്ടുകാരുടെ ചുമതലയാണ്. ക്യാമറകൾ കൃത്യമായി പ്രവർത്തിപ്പിക്കാനും കേടായാൽ നന്നാക്കാനുമുള്ള നടപടികൾ ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ദേശിയപാതയുടെ സ്ഥിതി വളരെ മോശമായിരുന്നു. ഇന്ന് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദേശീയ പാത ഏറെ സഞ്ചാര യോഗ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിന്റെ 24,78, 931 ഉം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായ 15,00,000 രൂപയും ഉൾപ്പെടെ 39,78,931 രൂപാ ചെലവിൽ 40 നിരീക്ഷണ ക്യാമറകളാണ് ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയായ കളർകോട് മുതൽ തോട്ടപ്പള്ളി കൊട്ടാരവളവ് വരെ 17 സ്ഥലങ്ങളിൽ 19 കി.മീ. ദൈർഘ്യത്തിൽ സ്ഥാപിച്ചത്.സൗരോർജത്തിൽ പ്രവർത്തിക്കുന്ന വയർലെസ് മൂൺ ലൈറ്റ് ക്യാമറകളാണിത്. രാത്രി കാല ദൃശ്യങ്ങളും ഇതിൽ വ്യക്തമായി പതിയും. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, അഞ്ച് ഗ്രാമ പഞ്ചായത്ത് ഓഫീസുകൾ, അമ്പലപ്പുഴ, പുന്നപ്ര പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും ജില്ലാ ഭരണകൂടം നിർദേശിക്കുന്ന ജില്ലാ ഓഫീസുകളിലും ലഭ്യമാകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, ദന്തൽ കോളേജ്, ഫിഷിഗ് ഹാർബർ തുടങ്ങി പ്രധാനമായ ഭാഗങ്ങളും പഞ്ചായത്തിൽ ഉൾപെടുന്നവയാണ്. ദേശീയപാതയിൽ അപകടമുണ്ടാക്കി കടന്ന് പോകുന്ന വാഹനങ്ങൾ പിടികൂടാനും, ദേശീയ പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടു പിടിക്കാനും ഈ നിരീക്ഷണ ക്യാമറാ സംവിധാനത്തിലൂടെ കഴിയും.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തെ ലഹരി വസ്തുക്കളുടെ വിൽപ്പനയും ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ജുനൈദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, ജില്ലാ പോലീസ് മേധാവി പി എസ് സാബു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ ദേവി, ബി ഡി ഓ വി ജെ ജോസഫ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് അംഗങ്ങൾ എന്നിവർ സന്നിഹിതരായി.
- Log in to post comments