തങ്കിക്കവല- പൊറത്താംകുഴി റോഡ് ആധുനിക രീതിയിൽ പുനർനിർമിക്കുന്നു; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജി.സുധാകരൻ
ആലപ്പുഴ: തങ്കിക്കവല- പൊറത്താംകുഴി റോഡിന്റെ നിർമാണ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഭക്ഷ്യ -സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.എം ആരിഫ് എംപി മുഖ്യാതിഥിയായി.
ചേര്‍ത്തല നഗരത്തെ തീരപ്രദേശങ്ങളായ തങ്കി,ആറാട്ടുവഴി,ഒറ്റമശ്ശേരി,അന്ധകാരനഴി തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന തങ്കി റോഡ് ഉള്‍പ്രദേശങ്ങളുടെ വികസനം, ടൂറിസം പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് നവീകരിക്കുന്നത്. 2017-18 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഒമ്പത് കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്.
പദ്ധതിയില്‍ 4130 മീറ്റര്‍ ആകെ നീളം വരുന്ന റോഡ് ബി.എം. ആന്‍ഡ് ബി.സി നിലവാരത്തിലാണ് പുനര്‍നിര്‍മിക്കുന്നത്. 4600 സ്ക്വയര്‍ മീറ്റര്‍ ഇന്റര്‍ലോക്ക് ടൈല്‍ പാകുന്നതിനും 1500 മീറ്റര്‍ നീളത്തില്‍ കാന നിര്‍മിക്കുന്നതിനും, രണ്ട് കലുങ്കുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനും, ഗതാഗത സുരക്ഷ സംവിധാനങ്ങള്‍ ആയ തെര്‍മോ പ്ലാസ്റ്റിക് പെയിന്റിംങ്, വിവിധ തരത്തിലുള്ള സൈന്‍ ബോര്‍ഡുകള്‍, അപകട മുന്നറിയിപ്പിനുള്ള പോസ്റ്ററുകള്‍ കിലോമീറ്റര്‍ സ്റ്റോണുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം.
കണ്ടമംഗലം ക്ഷേത്ര ദേവസ്വം ഹാളില്‍ വച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷന്, വാർഡ് മെമ്പർ ഗീതമ്മ രാധാകൃഷ്ണൻ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യീട്ടീവ് എഞ്ചിനീയര്‍ ബി. വിനു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ടീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments