പട്ടികവർഗ സംരംഭകർക്കുള്ള വായ്പാ പദ്ധതി: അപേക്ഷിക്കാം
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന 1.50 ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയും പദ്ധതി തുകയ്ക്കുള്ള 'പട്ടികവർഗ സംരംഭകർക്കുള്ള വായ്പാ പദ്ധതിയിൽ' വായ്പ അനുവദിക്കുന്നതിന് പട്ടികവർഗത്തിൽപ്പെട്ട യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പട്ടികവർഗത്തിൽപ്പെട്ട തൊഴിൽരഹിതരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാർഷിക വരുമാനം 3,00,000 രൂപയിൽ കവിയരുത്. പദ്ധതി പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളിൽ വിജയസാധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും (കൃഷിഭൂമി വാങ്ങൽ/ മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.
വായ്പാതുക ആറു ശതമാനം പലിശ സഹിതം അഞ്ചു വർഷം കൊണ്ട് തിരിച്ചടയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.
താത്പര്യമുള്ളവർ അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കുമായി കോർപ്പറേഷന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
പി.എൻ.എക്സ്. 2708/2020
- Log in to post comments