Skip to main content

കനത്ത മഴ: ജില്ലയിലെ സ്ഥിതി വിലയിരുത്തി ധനമന്ത്രി തോമസ് ഐസക്

 

 

അടിയന്തിരഘട്ടങ്ങളില്‍

ആന്റിജന്‍ ടെസ്റ്റ് നടത്തിയ ശേഷം മത്സ്യതൊഴിലാളികളെയെത്തിക്കും

 

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് ഇ- ടൊയ്‌ലെറ്റുകള്‍ അടക്കമുള്ളവ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ജാഗ്രത തുടരണമെന്നും വീണ്ടും ജലനിരപ്പ് ഉയരാനുള്ള സാധ്യത ിതള്ളിക്കളയരുതെന്നും മന്ത്രി പറഞ്ഞു. ജില്ലാതലത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കി വേണം ഇ-ടൊയ്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍. കോവിഡ് ഭീതി കാരണം ജനങ്ങളെ പ്രത്യേക ബോധവത്ക്കരണം നടത്തി വേണം ക്യാമ്പുകളിലെത്തിക്കാന്‍. മുന്‍കരുതലെന്ന നിലയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതിനായി കെട്ടിടങ്ങള്‍ കണ്ടുവെയ്ക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കുട്ടനാട്ടില്‍ 56 കോടി രൂപയുടെ കൃഷി നാശമാണ് ഉണ്ടായത്. മട വീണ് 63.5ലക്ഷം രൂപയുടേയും മടകവിഞ്ഞ് വെള്ളമൊഴുകി 88 ലക്ഷം രൂപയുടെ നഷ്ടവും ജില്ലയിലുണ്ടായി. പല സ്ഥലങ്ങളിലും കുടിവെള്ള ദൗര്‍ലഭ്യം ഉണ്ടായ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടനാട്ടിലെ പാലങ്ങളുടെ അടിയില്‍ പായലും മറ്റ് മാലിന്യങ്ങളും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്നത് ഒഴിവാക്കണം. 

അടിയന്തിര സാഹചര്യത്തില്‍  വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാനായി തീരദേശ മേഖലകളില്‍ നിന്നും മത്സ്യതൊഴിലാളികളേയും മത്സ്യ ബന്ധന വള്ളങ്ങളേയും കുട്ടനാട്ടിലേക്ക് എത്തിക്കുന്നുണ്ട്. ആന്റിജന്‍ ടെസ്റ്റ് നടത്തി കോവിഡ് രോഗബാധിതരല്ലെന്ന് ഉറപ്പാക്കിയ ശേഷം, ഇവരെ പ്രത്യേകം പാര്‍പ്പിച്ച്, അവശ്യഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പാലിയേറ്റീവ് കെയര്‍  ആവശ്യമുള്ളവരെ പ്രത്യേകം ശ്രദ്ധയോടെ വേണം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിക്കാനെന്നും മന്ത്രി പ്രത്യേകം നിര്‍ദ്ദേശിച്ചു. കുട്ടനാട്ടില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി ജില്ല ഭരണകൂടത്തിന്റേയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തില്‍ ബോട്ടുകള്‍, വാട്ടര്‍ ആംബുലന്‍സ്, ബാര്‍ജുകള്‍, ടോറസ് ലോറികള്‍ എന്നിവ ഇതിനോടകം തന്നെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടനാട്ടില്‍ ക്വാറന്റൈനില്‍ ഇരുന്ന മുഴുവന്‍ ആളുകളെയും ആര്‍.റ്റി.പി.സി.ആര്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആയവരെ പുറത്ത് വിടുകയും അല്ലാത്തവരെ ആശുപത്രികളിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ആര്‍ക്കെങ്കിലും രോഗലക്ഷണം കാണിക്കുകയാണെങ്കില്‍ അവരെ പാര്‍പ്പിക്കാനായി പ്രത്യേകം ശുചിമുറി സൗകര്യമുള്ള കെട്ടിടങ്ങളും നഗരത്തില്‍ ഏറ്റെടുത്തിട്ടുണ്ട്. 

 

തോട്ടപ്പള്ളി പൊഴിമുഖത്ത് അടിയുന്ന മണല്‍ നീക്കാനായി ആവശ്യത്തിന് യന്ത്രങ്ങള്‍ വിന്യസിക്കണമെന്ന് എ.എം. ആരിഫ് എംപി നിര്‍ദ്ദേശം നല്‍കി.  ഓണ്‍ലൈനായി നടത്തിയ മീറ്റിങില്‍ എംഎല്‍എമാരായ സജി ചെറിയാന്‍, ആര്‍. രാജേഷ്, ഷാനിമോള്‍ ഉസ്മാന്‍, യു. പ്രതിഭ, ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍, സബ് കളക്ടര്‍ അനുപം മിശ്ര, എ.ഡി.എം. ജെ. മോബി, ഡപ്യൂട്ടി കളക്ടര്‍മാരായ ആശാ സി. എബ്രഹാം, എസ്. സന്തോഷ്‌കുമാര്‍, തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

ചെങ്ങന്നൂരില്‍ വെള്ളപ്പൊക്കം ബാധിച്ചവരെ ബന്ധു വീടുകളിലേക്കോ, ക്യാമ്പുകളിലേക്കോ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. കഞ്ഞി വീഴ്ത്ത് കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. 

മാവേലിക്കരയില്‍ ഫയര്‍ഫോഴ്‌സിനാവശ്യമായ കൂടുതല്‍ ഡിങ്കി അടക്കമുള്ള ഉപകരണങ്ങള്‍ നല്കണമെന്ന് ആര്‍ രാജേഷ് എംഎല്‍എ പറഞ്ഞു. പാണാവള്ളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ പറഞ്ഞു. കായംകുളത്ത് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് യു പ്രതിഭ എംഎല്‍എ പറഞ്ഞു

date